ഹിച്ച്കോക്ക് ഉദ്വേഗം സൃഷ്ട്ടിക്കുന്നതിന്റെ ഒരു ചെറിയ ഉദാഹരണം. 'Marnie' (1964) എന്ന സിനിമയില്‍ നിന്ന്, മോഷ്ടാവായ നായിക, ഓഫീസിലെ ലോക്കറില്‍ നിന്ന് മോഷ്ടിക്കുന്ന രംഗം. ആദ്യം ഫ്രെയിമില്‍ ലോക്കര്‍ തുറക്കുന്ന ക്ലോസ് സീന്‍. പിന്നെ സ്ക്രീന്‍ വൈഡ് ആയി. സൈഡില്‍ നിലം തുടച്ചുകൊണ്ട് തൂപ്പുകാരി പ്രത്യക്ഷപ്പെടുന്നു.
പുതിയ കാലത്തിലെ ബന്ധങ്ങളുടെ പൊള്ളത്തരവും, സ്വാര്‍ത്ഥജീവിതങ്ങളിലെ തിരിച്ചടികളും, ചെറിയ ഒരു കഥയിലൂടെ കാണിക്കുന്ന കോയെന്‍ ബ്രദര്‍സിന്റെ ഒരു ബ്ലാക്ക് കോമഡിയാണ് 'Burn After Reading' (2008). മനുഷ്യന്റെ ബുദ്ധിശൂന്യതയാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം എന്ന് കോയെന്‍ ബ്രദര്‍സ് തന്നെ പറയുന്നു. സ്നേഹത്തിനും, പണത്തിനും, സൌന്ദര്യത്തിനും, ലൈംഗികതയ്ക്കും എല്ലാം വേണ്ടി നട്ടം തിരിയുന്ന ഒരു പിടി കഥാപാത്രങ്ങള്‍. എന്നാല്‍ ഇവര്‍ എല്ലാവരും ഇതന്വേഷിച്ചു എത്തപ്പെടുന്നത് തെറ്റായ സ്ഥലത്താണ് എന്ന് തിരിച്ചറിയുമ്പോഴേക്കും അവര്‍ വൈകിയിരുന്നു. ഇടയില്‍ എപ്പോഴൊക്കെയോ ഇവര്‍ തമ്മില്‍ കൂട്ടിമുട്ടുന്നുമുണ്ട്. അവസാനം എല്ലാവര്‍ക്കും ആത്യന്തികമായി നഷ്ടങ്ങളുടെ കണക്കു മാത്രമാണുള്ളത്.
പതിവ് പോലെ സിനിമയുടെ മേക്കിങ്ങില്‍ ഒരു കോയെന്‍ ബ്രദര്‍സ് ടച്ച് ഉണ്ട്. അത്യാഗ്രഹങ്ങള്‍ കൂടുമ്പോള്‍ മനുഷ്യന്‍ ആടിതീര്‍ക്കുന്ന കോമാളി വേഷങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം.
ടോം ഗ്രുണ്‍മന്‍ മിസ്സിംഗ് ആണ്. ഗ്രുണ്‍മന്‍ ന്യൂയോര്‍ക്കിലെ ഒരു പെണ്ണിന് അശ്ലീലം കലര്‍ന്ന ഒരെഴുത്ത് എഴുതിയത് പോലീസിന് കിട്ടിയിട്ടുണ്ട്. ബ്രീ ഡാനിയേല്‍ എന്ന വേശ്യക്കാണ് എഴുതിയിരിക്കുന്നത്. നാലഞ്ചു എഴുത്തുകള്‍ അയാള്‍ അങ്ങനെ അവര്‍ക്ക് അയച്ചതായി അറിയാം. എന്തായാലും അവസാനം പോലീസ് അന്വേഷണത്തില്‍ ഗുണമുണ്ടായില്ല. ടോമിന്റെ കമ്പനിയിലെ മറ്റൊരു പ്രധാനിയായ പീറ്റര്‍ കേബിള്‍ അവരുടെ ഉറ്റ സുഹൃത്തും പ്രൈവറ്റ് ഡിറ്റക്ടീവുമായ ജോണ്‍ ക്ലൂട്ടിനെ അന്വേഷണം ഏല്‍പ്പിക്കുന്നു. ന്യൂയോര്‍ക്കില്‍ എത്തുന്ന ക്ലൂട്ടിന് അന്വേഷണം നടത്താന്‍ ബ്രീയുടെ സഹായം ആവശ്യമാണ്.
ബ്രീ ഡാനിയേല്‍ എന്ന വേശ്യയും ജോണ്‍ ക്ലൂട്ടും കൂടി മിസ്സിംഗ് ആയ ടോം ഗ്രുണ്‍മനേ കണ്ടുപിടിക്കാന്‍ നടത്തുന്ന അന്വേഷണമാണ് അലന്‍.ജെ.പാക്കുല സംവിധാനം ചെയ്ത 'Klute' (1971) എന്ന സിനിമയുടെ കഥ. ഭയത്തെ ട്രിഗര്‍ ചെയ്യുന്ന തരത്തിലുള്ള മ്യൂസിക്കോട് കൂടി ഒരു സ്ലോ പേസ് ക്രൈം ത്രില്ലര്‍. 'To kill a Mocking bird' എന്ന വിഖ്യാത സിനിമയുടെ നിര്‍മ്മാതാവും അലന്‍.ജെ.പാക്കുല ആയിരുന്നു. ഡൊണാള്‍ഡ് സതര്‍ലാന്‍ഡും, ജേന്‍ ഫോണ്ടയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ സിനിമയില്‍.
അടിസ്ഥാനപരമായി ഇന്‍വെസ്റ്റിഗേഷന്‍ ആണ് സിനിമയുടെ വിഷയമെങ്കിലും, ബ്രീ എന്ന വേശ്യയുടെ വിചാരങ്ങള്‍ക്കും, ജീവിതത്തിനും ആണ് സിനിമയില്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. തന്നെ ആരോ പിന്തുടരുന്നു എന്ന് ഭയമുള്ള കഥാപാത്രമാണ് സിനിമയില്‍ ബ്രീ. ബ്രീയേ കാണിക്കുമ്പോള്‍ ഭൂരിഭാഗം സമയങ്ങളിലും ഒരു ഒളിച്ചുനോട്ടക്കാരന്റെ വ്യൂവിലാണ് ക്യാമറ. ബ്രീ ഡാനിയേല്‍സ് ആയി അഭിനയിച്ച ജേന്‍ ഫോണ്ട-ക്ക് മികച്ച നടിക്കുള്ള ഓസ്ക്കാര്‍ ലഭിച്ച വേഷം കൂടിയാണിത്.
അലന്‍.ജെ.പാക്കുല സംവിധാനം ചെയ്ത സിനിമകളില്‍ 'paranoia trilogy' എന്ന് വിളിക്കുന്ന മൂന്നു സിനിമകളിലെ ആദ്യത്തെയാണിത്. The Parallax View (1974), All The President's Men (1976) എന്നിവയാണ് മറ്റ് രണ്ടു സിനിമകള്‍.

പ്രത്യേകിച്ച് മേന്മയൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ഒരു അനൂപ് മേനോന്‍ ടച്ച് ഉള്ള സിനിമയാണ് 'ദി ഡോള്‍ഫിന്‍സ്'. 'ഹോട്ടല്‍ കാലിഫോര്‍ണിയ'യില്‍ സ്വാന്തന്ത്ര പ്രഖ്യാപനം നടത്തിയ സ്ത്രീ, സ്പേം ട്രാന്‍സ്പോര്‍ട്ടറെ കാണുമ്പോള്‍ ഉണ്ടാവുന്ന സംഭ്രമ സീന്‍ പോലെ, 'ട്രിവാണ്ട്രം ലോഡ്ജി'ല്‍ മലയാളികള്‍ ലൈംഗിക ദാരിദ്ര്യം മൂലം കാണിക്കുന്ന കൊമാളിത്തരങ്ങളെ ചിത്രീകരിച്ചത് പോലെ, സിനിമയുടെ അവസാനം കേന്ദ്ര കഥാപാത്രത്തിനു സംഭവിക്കുന്ന തിരിച്ചറിവാണ് ഈ സിനിമയുടെ കാതല്‍. ഒരു ടിപ്പിക്കല്‍ അനൂപ് മേനോന്‍ സ്റ്റൈല്‍ ആണ്.
ഒരതിവായനയാണോ എന്നറിയില്ല. സിനിമയില്‍ ചില കൊലപാതകങ്ങള്‍ അടിപ്പിച്ചു നടക്കുന്നുണ്ട്. കൊലപാതകി ഒരു സൈക്കൊപ്പാത്ത് സീരിയല്‍ കില്ലര്‍ ചെയ്യുന്നത് പോലെ കൊല നടന്ന സ്ഥലങ്ങളില്‍ ചില അടയാളങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്‍. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ ചെറുപ്പക്കാരന്‍ ഇടയ്ക്ക് ഇടയ്ക്ക് ഇംഗ്ലിഷ് സിനിമകള്‍ കാണുന്ന കുറച്ചു വിവരമുള്ള ആരോ അതില്‍ നിന്ന് ഇന്‍സ്പയര്‍ ആയി അത് അനുകരിക്കുകയാണ് എന്ന് പറയുന്നുണ്ട്. ഇത്തരമൊരു സീരിയല്‍ കില്ലിംഗ് അന്വേഷിക്കുന്നതിലെ ആവേശവും അയാള്‍ പ്രകടിപ്പിക്കുന്നു.
സത്യത്തില്‍ ഇത് പോലീസിലെ പുതിയ ആളുകള്‍ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറി പോലീസ് ജോലിയിലെ ഗ്ലാമറിന്റെ വശത്തില്‍ മാത്രം രമിക്കുന്നവര്‍ക്കെതിരെ ഉള്ള ഒരു പണിയായിട്ടു ആണ് എനിക്ക് തോന്നിയത്. കാരണം ചെറുപ്പക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്‍ സീരിയല്‍ കില്ലര്‍ ഹോളിവുഡ് സിനിമകള്‍ കണ്ടു അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണു എന്ന് ആരോപിക്കുന്നു. എന്നാല്‍ സത്യത്തില്‍ ആ കൊലപാതകങ്ങള്‍ കാണുന്ന ആ ഉദ്യോഗസ്ഥന്‍ തന്നെയാണ് ആ വക സിനിമകള്‍ കണ്ടു അതിനെ ഈ സംഭവങ്ങളുമായി ബന്ധിപ്പിച്ചു over excited ആയത്.
അയാള്‍ വിചാരിക്കുന്ന പോലെ ഒരു സൈക്കൊപ്പാത്ത് സീരിയല്‍ കില്ലര്‍ അല്ല ഈ കൊലപാതകങ്ങള്‍ ചെയ്തത് എന്ന് അവ നിരീക്ഷിക്കുന്ന, സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന, അനുഭവം കൊണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നുണ്ട്. അത് തന്നെയാണ് സത്യമാവുന്നതും. മാത്രമല്ല കൊലപാതകി അവശേഷിപ്പിക്കുന്ന അടയാളങ്ങളെ പറ്റി അയാള്‍ നടത്തുന്ന നിരീക്ഷണങ്ങളും ശരിയാണെന്ന് പിന്നീട് അറിയുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടില്ലെങ്കില്‍ മോര്‍ച്ചറിക്ക് കാവല്‍ നിന്നും, മുന്‍കാല ഉദ്യോകസ്ഥര്‍ കേസുകള്‍ അന്വേഷിക്കുമ്പോള്‍ കൂടെ നിന്നും മാത്രം പരിചയം ഉള്ള ആളാണ്.
സിനിമ കാര്യമില്ലെങ്കിലും ഇത്തരം കൌതുകമുള്ള കാര്യങ്ങള്‍ അനൂപ് മേനോന്‍ തന്റെ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

ഈ സിനിമ കാണാന്‍ വൈകിയതില്‍ വിഷമമുണ്ട്. റോമന്‍ പൊളന്‍സ്കിയുടെ Rosemary's Baby (1968). നൂറ്റാണ്ടിലെ മികച്ച സിനിമകള്‍ ഒരു പിടി എടുത്താല്‍ അതില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നല്ല സൈക്കോളജിക്കല്‍/സസ്പെന്‍സ് ഹൊറര്‍. ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റുന്ന റോസ്മേരി-ഗയ് ദമ്പതികള്‍, അവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാന്‍ തീരുമാനിക്കുമ്പോള്‍, വരാനിരിക്കുന്ന ദുരന്തങ്ങള്‍ റോസ്മേരിയുടെ ഏറ്റവും വിദൂരമായ വിചാരങ്ങളില്‍ പോലും ഉണ്ടായിരുന്നവ അല്ലായിരുന്നു.
പ്രേക്ഷകരില്‍ ഭയം സൃഷ്ടിക്കുന്ന പൊളന്‍സ്കിയുടെ തനതായ ശൈലിയും, ഭീതിയും, നിസ്സഹായതയും ഉള്‍ക്കൊള്ളുന്ന പ്രേക്ഷകന് ലഹരിയായ് മാറുന്ന Krzysztof Komeda-യുടെ മ്യൂസികും ഈ സിനിമയെ ഏറ്റവും ആകര്‍ഷകമാക്കുന്നു.
AFI തയ്യാറാക്കിയ 100 Years, 100 Thrills എന്ന പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ് ഈ സിനിമയ്ക്ക് ഉള്ളത്. റോമന്‍ പൊളന്‍സ്കിയുടെ ആദ്യ ഹോളിവുഡ് സിനിമയായിരുന്നു ഇത്. A movie which makes you to think as a proud viewer at the end. സസ്പെന്‍സിന് ഹാനികരമാവും എന്ന് തോന്നുന്നത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.
ടൈറ്റില്‍ മ്യൂസിക്:
https://soundcloud.com/garlin-vincent/rosemarys-baby-title-music
'അര്‍ത്ഥം' സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് രണ്ടു സീനുകള്‍ മാത്രമാണ് ഉള്ളത്. ആദ്യത്തെ സീന്‍ ആദ്യം തന്നെ ബെന്‍ നരേന്ദ്രന്‍ റെയില്‍വേ ട്രാക്കില്‍ ചാവാന്‍ പോകുമ്പോള്‍ അവിടെ ഇരിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ആണ്.രണ്ടാമത്തെ സീന്‍ കുറേ കഴിഞ്ഞാണ് വരുന്നത്. ബെന്‍ കോടതിയില്‍ പോവുമ്പോ അവിടെ വച്ച് അവിചാരിതമായി ഇയാളെ കാണുന്നു. ആ രംഗമാണ് ഇവിടെ 1:29 മുതല്‍ 3:40 വരെയുള്ളത്.https://www.youtube.com/watch?v=zTo1cQD3wtUഈ ഒരു സീനില്‍ ഒടുവിലിന്റെ പേര്‍ഫോമന്‍സ് ഉഗ്രനാണ്. എട്ടിന്റെ പണികള്‍ മുഴുവന്‍ കിട്ടി നട്ടം തിരിയുന്ന ഒരു കഥാപാത്രമാണ്. യാതൊരു പ്രതീക്ഷയും ഭാവിയില്‍ ഇല്ലാത്ത അവസ്ഥ. ആ ദയനീയത മുഴുവന്‍ നമുക്ക് മനസ്സിലാവുന്നുണ്ട്. എന്നാല്‍ ആ കഷ്ടപ്പാടും രസകരമായാണ് അവതരിപ്പിക്കുന്നത്.
Film: A Funny Thing Happened on the Way to the Forum (film)Director: Richard LesterYear: 1966റിച്ചാര്‍ഡ് ലെസ്റ്റെര്‍ സംവിധാനം ചെയ്തു 1966-ല്‍ ഇറങ്ങിയ "A Funny Thing Happened on the Way to the Forum" എന്ന സിനിമ farce മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പ്രാചീന റോമന്‍ നാടകകൃത്തായ പ്ലോട്ടസ് (Plautus) തന്റെ രചനകളില്‍ ഉണ്ടാക്കിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു മ്യൂസിക്കല്‍ തിയേറ്റര്‍ മുന്‍പ് ഉണ്ടായിരുന്നത് അതേ പേരില്‍ സിനിമയാക്കി മാറ്റിയതാണ് ഇത്.
ചതിയനും കള്ളനും എന്ന് പേര് കേട്ട സ്യൂഡോലസ് എന്ന അടിമ തനിക്കു സ്വാന്തന്ത്ര്യം വേണമെന്ന് ശക്തമായി ആഗ്രഹിക്കുന്ന ആളാണ്. തന്റെ ഉടമയായ ഹീറോ എന്ന കുട്ടി അടുത്തുള്ള വേശ്യാലയത്തിലെ കന്യകയായ യുവതിയോട് പ്രേമത്തില്‍ ആണെന്ന് തിരിച്ചറിയുകയും, അത് ശരിയാക്കി കൊടുക്കുന്നതിന് പകരം തനിക്കു സ്വാന്തന്ത്ര്യം വേണമെന്ന് ഡീല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതേസമയം ആ യുവതിയെ റോമിലെ സൈനികശ്രേഷ്ടനായ ക്യാപ്റ്റന്‍ ഗ്ലോറിയോസസിന് വിറ്റ് കഴിഞ്ഞു എന്നറിയുകയും ചെയ്യുന്നതും, അതിനു ശേഷം നടക്കുന്ന സംഭവങ്ങളും ആണ് സിനിമ.
ഇത്തവണത്തെ IFFK-യില്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ Bustor Keaton സിനിമകളില്‍ ഇത് കാണിക്കുന്നുണ്ട്. (അങ്ങനെയാണ് ഞാനീ സിനിമ ഇപ്പൊ കാണാമെന്നു വിചാരിച്ചതും). പ്രാചീന റോമന്‍ രാജ്യത്തില്‍ ഉണ്ടായിരുന്ന ആചാരങ്ങള്‍, രീതികള്‍ എന്നിവയെ സര്‍ക്കാസവും, സ്ലാപ്സ്റ്റിക്ക് കോമഡിയും കലര്‍ത്തി കാണിക്കുന്ന ഒരു മുഴുനീള കോമഡി സിനിമയാണിത്. പ്രമുഖ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ നിക്കോളാസ് റോഗ് ആണ് സിനിമാറ്റോഗ്രാഫി. ബസ്റ്റര്‍ കീറ്റന്റെ അവസാനത്തെ സിനിമ.