Monday, November 3, 2014

'വിവര്‍ത്തനം' - വി.കെ.എന്‍ - പുസ്തകപരിചയം

വി.കെ.എന്‍ വിവര്‍ത്തനം ചെയ്ത കഥകള്‍ 'വിവര്‍ത്തനം' എന്ന പേരില്‍ മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരുന്നു. അഞ്ചു എഴുത്തുകാരുടെയായി ഒന്‍പതു കഥകളാണ് ഇതിലുള്ളത്. ചരിത്രത്തെയും, രാഷ്ട്രീയത്തെയും, സാമൂഹ്യ സാഹചര്യങ്ങളെയും, സര്‍വ്വോപരി ഗഹനമായ വ്യക്തിത്വ നിരീക്ഷണങ്ങളെയും, സാമാന്യതകള്‍ ഇല്ലാത്ത രചനാശൈലി കൊണ്ടും , വാക്കുകളില്‍ അന്തര്‍ലീനമായ നര്‍മ്മത്തിലും എഴുതുന്ന വി.കെ.എന്‍ , വിവര്‍ത്തനം ചെയ്യുന്നത് വായിക്കാന്‍ തീര്‍ച്ചയായും വി.കെ.എന്‍ എഴുത്തിനെ ഇഷ്ടപ്പെടുന്ന ഏത് വായനക്കാരനും കൌതുകമുണ്ടാവും. വിവര്‍ത്തനം ചെയ്യുമ്പോള്‍  ‍മൂലകഥയോടും , ആ കഥാകാരന്റെ വീക്ഷണത്തോടും  നീതിപുലര്‍ത്തണം എന്നുള്ളതുകൊണ്ട് , സ്വന്തം ശൈലി പ്രകടിപ്പിക്കുന്നതില്‍ സ്വാഭാവികമായും എഴുത്തുകാരന് പരിമിതികള്‍ ഉണ്ടാവാം. അത്തരം പരിമിതികള്‍ ഈ പുസ്തകത്തിലും പ്രകടമാണ്.


ഐസക് ബാഷേവ് സിംഗര്‍, ജോണ്‍ വുഡ് ക്യാംപല്‍, സ്റ്റീഫന്‍ ബട്ട്ലര്‍ ലീകോക്ക്, ജാക്ക് റിച്ചി, ജോവാന്നി ഗരേസ്കി (Giovannino Guareschi) എന്നിവരുടെ കഥകളാണ് ഇതിലുള്ളത്. ഐസക് ബാഷേവ് സിംഗര്‍(1902-1991) യിദ്ദിഷ് സാഹിത്യപ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനിയായ അമേരിക്കന്‍ ജൂത എഴുത്തുകാരനാണ്‌. പോളണ്ടില്‍ ആയിരുന്നു ജനനമെങ്കിലും 1935-ല്‍ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. 1978-ല്‍ നോബല്‍ സമ്മാനം ലഭിച്ച ഇദ്ദേഹം നിരവധി ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. 'നഷ്ടപ്രമാണം' എന്ന പേരില്‍  അദ്ദേഹത്തിന്റെ ‍കഥ വി.കെ.എന്‍ വിവര്‍ത്തനം ചെയ്തിരുക്കുന്നു.

ജോണ്‍ വുഡ് ക്യാംപല്‍(1910-1971) അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനാണ്‌. സയന്‍സ് ഫിക്ഷനെ ഇന്നത്തെ രീതിയില്‍ വാര്‍ത്തെടുക്കുന്നതില്‍ പങ്കുവഹിച്ച പ്രധാനികളിലൊരാള്‍. 'Astounding science fiction' എന്ന മാസികയുടെ എഡിറ്ററും ആയിരുന്നു അദ്ദേഹം. 1982-ല്‍ ജോണ്‍ കാര്‍പെന്റര്‍ സംവിധാനം ചെയ്തു ഇറങ്ങിയ 'The Thing' എന്ന സിനിമ ജോണ്‍ ക്യാംപല്‍ രചിച്ച 'Who goes there?' എന്ന കഥയെ അടിസ്ഥാനമാക്കി ആയിരുന്നു. 'വഞ്ചകന്‍' എന്ന പേരില്‍ അദ്ദേഹത്തിന്റെ കഥ വി.കെ.എന്‍ ഇതില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു.

സ്റ്റീഫന്‍ ബട്ട്ലര്‍ ലീകോക്ക്(1869-1944) ഇംഗ്ലിഷ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ ആക്ഷേപസാഹിത്യകാരനാണ്.  കനേഡിയന്‍ എഴുതുകാരനായ അദ്ദേഹം അദ്ധ്യാപകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയിലും പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ സ്മരണക്കായ്കനേഡിയന്‍ എഴുത്തുകാരുടെ ഏറ്റവും മികച്ച ആക്ഷേപസാഹിത്യ കൃതിക്ക് 'The Stephen Leacock Memorial Medal for Humour' എല്ലാ വര്‍ഷവും നല്‍കി വരുന്നു. 'സര്‍ ചാത്തു ലീകൊക്ക്' എന്ന ‍വി.കെ.എന്‍-ന്റെ ഒരു കഥയിലും ലീകൊക്ക് കടന്നു വരുന്നുണ്ട്. സര്‍ ചാത്തു നെല്ല് ന്യൂയോര്‍ക്കില്‍  ‍കൊണ്ട് പോയി വിറ്റ് കാശാക്കി , തന്റെ പഴയ സുഹൃത്തായ അധ്യാപക ജോലി ചെയ്തു കൊണ്ടിരിക്കുന്ന ലീകൊക്കിനെ കണ്ടു പിടിച്ചു, രണ്ടു പേരും കൂടി ന്യൂയോര്‍ക്കിലെ ഒരു ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോകുന്നതായിരുന്നു കഥ. 'നിധി' എന്ന പേരില്‍ ലീകൊക്കിന്റെ ഒരു കഥ വി.കെ.എന്‍ ഇതില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു.

ജാക്ക് റിച്ചി(1922-1983)  അഥവാ ജോണ്‍ ജോര്‍ജ്ജ് റിച്ചി , പ്രസിദ്ധനായ അമേരിക്കന്‍ കുറ്റാന്വേഷണ എഴുത്തുകാരനാണ്‌. മാസികകളിലും, പത്രങ്ങളിലും അഞ്ഞൂറിലധികം കഥകള്‍ പബ്ലിഷ് ചെയ്ത അദ്ദേഹം, ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ 'മിസ്റ്ററി'  മാസികയില്‍ മാത്രം 123 കഥകള്‍ എഴുതിയിട്ടുണ്ട്. ഭാര്യ റീത്ത ക്രോണും എഴുത്തുകാരിയായിരുന്നു. 'ഘാതകന്‍' എന്ന പേരില്‍ അദ്ദേഹത്തിന്റെ കഥ ഈ പുസ്തകത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


ജോവാന്നി ഗരേസ്കി (1908-1968) വളരെ പ്രസിദ്ധനായ ഇറ്റാലിയന്‍ ഹാസ്യസാഹിത്യകാരനും, കാര്ട്ടൂണിസ്റ്റും, പത്രപ്രവര്‍ത്തകനും ആണ്. ഡോണ്‍ കമീലോ എന്ന അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടി ഏറെ പ്രസിദ്ധമാണ്.  ഇറ്റലിയിലെ പ്രധാനപ്പെട്ട ആക്ഷേപസാഹിത്യ മാസികകളില്‍ എഡിറ്റര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. പ്രസിഡന്റിനെതിരെ കാര്‍ടൂണ്‍ വരച്ചതിനു പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.


'നിശാപാഠശാല' , 'നിധി', 'പെപ്പോണിന്റെ പിന്നാലെ' ,'ഒരു നാമകരണം', 'ഷിക്കാറ്' എന്നീ പേരുകളില്‍ അദ്ദേഹത്തിന്റെ അഞ്ചു കഥകളാണ് ഇതിലുള്ളത്. ഡോണ്‍ കമീലോ എന്ന കത്തോലിക്കാ വൈദികനും, പെപ്പോണ്‍ എന്ന സ്ഥലത്തെ കമ്മ്യൂണിസ്റ്റ് മേയറും ആണ് ഈ കഥകളിലെ protagonist-ഉകള്‍. രണ്ടു പേരും തമ്മിലുള്ള പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് കാണിച്ചു തരുന്ന കഥകളാണ് ഈ സീരിസില്‍ ഉള്ളത്. ഡോണ്‍ കമീലോയും പള്ളിയിലെ അള്‍ത്താരയിലുള്ള കര്‍ത്താവും തമ്മിലുള്ള സംഭാഷണങ്ങളും കഥകളില്‍ കടന്നു വരുന്നു. ഡോണ്‍ കമീലോ ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുകയും, എതിര്‍ക്കുകയും, ദേഷ്യപ്പെടുകയും, ഉപദേശിക്കുകയും എല്ലാം ചെയ്യുന്ന ആളാണ്‌ കഥകളില്‍ കര്‍ത്താവ്‌. ഡോണ്‍ കമീലോ എന്ന കഥാപാത്രം പല ഇറ്റാലിയന്‍ സിനിമകള്‍ക്കും പ്രചോദനം ആയിട്ടുണ്ട്‌.


(ഐസക് ബാഷേവ്, ജോണ്‍ ക്യാംപല്‍, സ്റ്റീഫന്‍ ലീകോക്ക്, ജാക്ക് റിച്ചി, ജോവാന്നി ഗരേസ്കി എന്നിവര്‍ ഇടതു നിന്ന് വലത്തോട്ട്)

ജോവാന്നി ഗരേസ്കിയുടെ കഥകള്‍ വി.കെ.എന്‍ 1957,1958,1959 കാലങ്ങളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് എന്ന് കൂടി കാണേണ്ടതുണ്ട്. അതായത് ഒരു പക്ഷെ അദ്ദേഹത്തിന്റെ ഡല്‍ഹി ജീവിതത്തിനും മുന്‍പ് , ഒരു എഴുത്തുകാരനായി പേരെടുക്കുന്നതിനും മുന്‍പ് എന്ന് വേണം കരുതാന്‍. ലോകസാഹിത്യത്തിലെ ഈ അഞ്ചു പ്രധാന എഴുത്തുകാരുടെ രചനകള്‍ വി.കെ.എന്‍ ഈ പുസ്തകത്തിലൂടെ മലയാളികള്‍ക്ക് എത്തിച്ചു തരുന്നു.

No comments:

Post a Comment