Sunday, October 12, 2014

Film: Serpico
Year: 1973
Director: Sidney Lumet
1960-കളിലും 1970-തിന്റെ തുടക്കത്തിലും NYPD-യില്‍ നടക്കുന്ന അഴിമതി, കൈക്കൂലി എന്നിവ പുറത്തുകൊണ്ടുവരാന്‍ കാരണമായത് ഫ്രാങ്ക് സെര്‍പിക്കോ എന്ന പോലീസ് ഓഫീസറാണ്. ഇതുമൂലം ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്ന മനുഷ്യനാണ് അദ്ദേഹം. ഡിപ്പാര്‍ട്ട്മെന്റില്‍ നടന്നിരുന്ന തെറ്റുകള്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ഡിപ്പാര്‍ട്ട്മെന്റില്‍ ഒറ്റപ്പെട്ടു.
സെര്‍പിക്കോയുടെ ഈ ജീവിതകാലത്തെ പീറ്റര്‍ മാസ് എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം കാണിച്ചുതരുന്നു. പീറ്റര്‍ മാസിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിഡ്നി ല്യൂമറ്റ് ഈ സിനിമ എടുത്തിരിക്കുന്നത്. അല്‍ പാച്ചിനോയാണ് സെര്‍പിക്കോയെ അവതരിപ്പിച്ചത്. അതിനു മികച്ച അഭിനേതാവിനുള്ള അക്കാദമി നോമിനേഷനും ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കും, മികച്ച അഭിനേതാവിനും ഉള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. AFI-യുടെ കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച 50 ഹീറോകളില്‍ 40-ാം സ്ഥാനവും ഈ കഥാപാത്രത്തിനുണ്ട്.
ഒരു പോലീസ് ഓഫീസര്‍ ആവുക എന്ന സ്വപ്നത്തെ തുടര്‍ന്ന് NYPD-യില്‍ ചേര്‍ന്ന സെര്‍പിക്കോക്ക് പല കാര്യങ്ങളിലും കുത്തഴിഞ്ഞ ഒരു ഡിപ്പാര്‍ട്ട്മെന്റിനെയാണ് കാണാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ കൈക്കൂലി വേടിക്കുമ്പോഴും സെര്‍പിക്കോ അതില്‍ നിന്ന് ഒഴിഞ്ഞു മാറി നിന്നൂ. തുടര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതിയെ ചെറുക്കന്‍ ചില സീനിയര്‍ ഓഫീസര്‍മാരെ കണ്ടുവെങ്കിലും ഗുണമുണ്ടായില്ല. തങ്ങള്‍ നടത്തുന്ന അഴിമതികള്‍ സെര്‍പിക്കോ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്യുന്നതറിഞ്ഞു, അദ്ദേഹത്തിന്റെ എല്ലാ സഹപ്രവര്‍ത്തകരും, സെര്‍പിക്കോയെ ഒറ്റപ്പെടുത്തുന്നു. ചിലര്‍ അദ്ദേഹത്തെ കൊല്ലാന്‍ വരെ നോക്കി.
പിന്നീട് ഒരു ഡ്രഗ് റാക്കറ്റിനെ പിടികൂടുന്നതിനിടയില്‍ വെടി കൊണ്ട് ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെടുകയും , മറ്റു ഗൌരവകരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സെര്‍പിക്കോയെയാണ് നാം കാണുന്നത്(ഇതിന്റെ സത്യാവസ്ഥ ഇന്നും വിവാദവിഷയമാണ്). ഇതിനു തൊട്ടു മുന്‍പ് സെര്‍പിക്കോ പത്രത്തില്‍ കൊടുത്ത റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനെ തുടര്‍ന്നാണ്‌ മേയര്‍ പോലീസ് അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വയ്ക്കുന്നത്. NYPD-യില്‍ നടക്കുന്ന അഴിമതികളെ കുറിച്ച് കമ്മീഷന്‍ അന്വേഷിക്കുകയും,ഗൌരവകരമായ പല തെറ്റുകളും ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുന്നുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. NYPD-യുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി മാറിയത് തന്നെ ഈ കമ്മീഷനാണ്.
http://en.wikipedia.org/wiki/Frank_Serpico
http://en.wikipedia.org/wiki/Knapp_Commission


No comments:

Post a Comment