Wednesday, September 17, 2014

സിഡ്നി ല്യൂമറ്റിന്റെ കോര്‍ട്ട് റൂം ഡ്രാമ എന്ന് വിളിക്കാവുന്ന മറ്റൊരു സിനിമ കണ്ടു. 'The Verdict.' അദ്ദേഹത്തിന്റെ മുന്‍പത്തെ '12 Angry men' പോലെ പൂര്‍ണ്ണമായി കോര്‍ട്ട് റൂം കേന്ദ്രീകൃതമല്ല ഇത്. പോള്‍ ന്യൂമാന്‍ നായകനായ ഈ സിനിമ 1982-ലാണ് പുറത്തിറങ്ങിയത്.
പണ്ട് വളരെ നല്ലൊരു വക്കീലായിരുന്നെങ്കിലും, ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തിന്‌ ശേഷം, ഗാല്‍വിന്‍ ഇപ്പോള്‍ ഒരു കുത്തഴിഞ്ഞ ജീവിതമാണ് നയിക്കുന്നത്. അയാള്‍ ഒരു തികഞ്ഞ മദ്യപാനിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷം അയാള്‍ക്ക്‌ നാല് കേസ് മാത്രമാണ് കിട്ടിയിട്ടുള്ളത്. അതെല്ലാം തോറ്റു. അയാളുടെ ഭാര്യ അയാളെ വിട്ടു പിരിഞ്ഞിട്ട് കാലം കുറേയായി. ജോലിയില്‍ അയാള്‍ ശ്രദ്ദിക്കുന്നില്ല.
ഒരിക്കല്‍ കൂട്ടുകാരന്‍ വഴിയായി അയാള്‍ക്കൊരു medical malpractice കേസ് കിട്ടുന്നു. പേര് കേട്ട ഹോസ്പിറ്റലില്‍ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്ത ഒരു യുവതിക്ക്, രണ്ടു പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ അനസ്തേഷ്യ മാറി കൊടുത്തു. തുടര്‍ന്ന് അവള്‍ ഛര്‍ദ്ദിക്കുകയും, ശ്വാസം കിട്ടാതെ ആവുകയും ചെയ്യുന്നു. കുട്ടിയുടെ മരണത്തിലേയ്ക്കും, യുവതിയുടെ കോമയിലേക്കും അത് നയിക്കുന്നു.
ആ യുവതിയുടെ സഹോദരിയും അവരുടെ ഭര്‍ത്താവിനും ഹോസ്പിറ്റല്‍ അധികാരികളുടെ കയ്യില്‍ നിന്നും ഒരു നല്ല തുക വാങ്ങി സെറ്റില്‍മെന്റ് ചെയ്യാനാണ് താല്പര്യം. എന്നാല്‍ ആ യുവതിയുടെ സ്ഥിതി കണ്ട ഗാല്‍വിന്‍ ആ തുക വാങ്ങിക്കൊടുക്കാന്‍ തയ്യാറാകുന്നില്ല. തന്റെ clients അറിയാതെ തന്നെ കേസുമായി മുന്നോട്ടു പോകാന്‍ അയാള്‍ തീരുമാനിക്കുന്നു. കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രിയാകട്ടെ, അതിന്റെ കീര്‍ത്തി നിലനിര്‍ത്താന്‍ മികച്ച അഭിഭാഷകനെ തന്നെയാണ് ഗാല്‍വിന്റെ എതിരാളിയാക്കിയിരിക്കുന്നത് .
വക്കീല്‍ എന്ന നിലയിലുള്ള തന്റെ കഴിവും, അഭിമാനവും പുനസ്ഥാപിക്കാനും ഗാല്‍വിന്‍ വിചാരിച്ചിട്ടുണ്ടാവണം. എന്നാല്‍ കേസില്‍ അയാളെ കാത്തിരുന്നത് നല്ല സംഭവങ്ങളായിരുന്നില്ല. അഞ്ചു ആക്കാദമി നോമിനേഷന്‍ ലഭിച്ച ഈ സിനിമയില്‍ ന്യൂമാന്റെ പ്രകടനം തന്നെയാണ് മികച്ചതായി നില്‍ക്കുന്നത്. സഹനടന്മാരും ശ്രദ്ദേയ പ്രകടനം തന്നെ.


No comments:

Post a Comment