Wednesday, September 10, 2014


ഹോളിവുഡ് സംവിധായകര്‍ കാലങ്ങളായി ആശ്രയിക്കുന്ന ഒരു എഴുത്തുകാരനാണ്‌ സ്റ്റീഫന്‍ കിംഗ്‌. അദ്ദേഹത്തിന്റെ തന്നെ ഒരു കഥയെ അടിസ്ഥാനമാക്കി David Koepp സംവിധാനം ചെയ്തു 2004-ല്‍ ഇറങ്ങിയ സിനിമയാണ് 'Secret Window.' ജോണി ഡെപ്പ് നായകനായ ഈ സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്.

പ്രസിദ്ധ എഴുത്തുകാരനായ മോര്‍ട്ട് റയ്നി ഭാര്യയുമായി ഡെെവോഴ്സിന്റെ വക്കിലാണ്. റയ്നിയുമായി ഒത്തുപോകാന്‍ കഴിയാത്ത അയാളുടെ ഭാര്യ വേറൊരു പങ്കാളിയെ കണ്ടെത്തി കഴിഞ്ഞു. കുറച്ചു കാലമായി ഒരു ജലാശയത്തിന്റെ തീരത്ത്, ഏകാന്തമായ ചുറ്റുപാടില്‍, വേറൊരു വീട്ടിലാണ് റയ്നി എഴുത്തുമായി ജീവിക്കുന്നത്. തന്റെ കഥ മോഷ്ടിച്ചു എന്ന് പറഞ്ഞു, ജോണ്‍ ഷൂട്ടര്‍ എന്നൊരാള്‍ ഒരിക്കല്‍ റയ്നിയുടെ വീട്ടില്‍ എത്തുന്നു. എന്നാല്‍ കഥയൊന്നും മോഷ്ടിക്കാത്ത റയ്നിക്ക് അയാള്‍ പറയുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. എന്നാല്‍ തിരിച്ചുപോയപ്പോള്‍ ഷൂട്ടര്‍ ഉപേക്ഷിച്ച കഥയുടെ എഴുത്ത്പ്രതി വായിക്കാനിട വന്ന റയ്നി, തന്റെ കഥയും ആ കഥയും തമ്മില്‍ ഓരോ വാക്കിലും സാമ്യമുണ്ടെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു.

പിന്നീട് ഷൂട്ടര്‍ തുടര്‍ച്ചയായി റയ്നിയെ പിന്തുടരുന്നു. ഭ്രാന്തമായ പെരുമാറ്റങ്ങളാണ് അയാള്‍ റയ്നിയോട് കാണിക്കുന്നത്. റയ്നിയുടെ വളര്‍ത്തുപട്ടിയെ അയാള്‍ ഒരു സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തി കൊലപ്പെടുത്തി. ഷൂട്ടര്‍ രചിച്ചതിന് മുന്‍പ് തന്നെ റയ്നിയുടെ കഥ ഒരു മാഗസീനില്‍ വന്നിട്ടുണ്ടായിരുന്നു. ആ പഴയ മാഗസീന്‍ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു ഷൂട്ടറെ ഒഴിവാക്കാന്‍ റയ്നി തുടര്‍ച്ചയായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷൂട്ടര്‍ കൂടുതല്‍ ഉപദ്രവകാരിയായി മാറുന്നു. റയ്നിയുടെ ഭാര്യയുടെ വീട് കത്തിക്കുകയാണ് പിന്നീട് അയാള്‍ ചെയ്യുന്നത്. അങ്ങനെ ഒന്നിനെ പിറകെ ഒന്നായി കൂടുതല്‍ ഗൌരവകരമായ അക്രമങ്ങള്‍ ഷൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നു. ആരാണ് ഷൂട്ടര്‍? കഥയുടെ ഉടമ സത്യത്തില്‍ ആരാണ്? റയ്നിയുടെ ജീവിതത്തില്‍ ഷൂട്ടര്‍ കൂടുതലായി ഒരുക്കി വച്ചിട്ടുള്ളത് എന്താണ് ?

കിംഗിന്റെ കഥകളുടെ മറ്റു സിനിമകളെ പോലെ ഈ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ജോണി ഡെപ്പിന്റെ പ്രകടനവും, സിനിമയുടെ ത്രില്ലര്‍ സ്വഭാവവും, പ്രേക്ഷകന് ആസ്വദിക്കാവുന്ന ഒരു സിനിമയാക്കി ഇതിനെ മാറ്റുന്നു.



No comments:

Post a Comment