ജോണ്‍ പാട്രിക് ഷാന്‍ലി സംവിധാനം ചെയ്തു 2008-ല്‍ ഇറങ്ങിയ സിനിമയാണ് 'Doubt'. ഒരു പള്ളിയും മഠവും അതിനോട് അനുബന്ധിച്ചുള്ള സ്കൂളും ആയി പൂര്‍ണ്ണമായി ഒരു ക്രിസ്ത്യന്‍ മത പശ്ചാത്തലത്തിലാണ് സിനിമ. ഷാന്‍ലിയുടെ തന്നെ മുന്‍പത്തെ നാടകത്തെ അതേ പേരില്‍ സിനിമയാക്കിയതാണിത്. ഫിലിപ്പ് സെയ്മോര്‍ ഹോഫ്മാന്‍ ഉള്‍പ്പെടെ സിനിമയിലെ നാല് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് വ്യാപകമായ അഭിനന്ദനം ഈ സിനിമയിലൂടെ ലഭിച്ചു.
1964 കാലത്താണ് സിനിമ നടക്കുന്നത്. ഫാദര്‍ ഫ്ലിന്‍ പൊതുവില്‍ പുരോഗമന നിലപാടുകള്‍ എടുക്കുന്ന ഒരു വൈദികനാണ്. മഠത്തിന്റെ മദര്‍ സുപ്പീരിയറും പള്ളിയോടു ചേര്‍ന്നുള്ള സ്കൂളിന്റെ പ്രിന്‍സിപ്പാളും ആയ സിസ്റ്റര്‍ അലോഷ്യസ്, അച്ചടക്കത്തില്‍ കാര്‍ക്കശ്യവും, പലപ്പോഴും പരുഷമായ സ്വഭാവമുള്ള ആളുമാണ്. ചില കാര്യങ്ങളില്‍ അവര്‍ യാഥാസ്ഥിതിക മനോഭാവം ഉള്ളവരുമാണ്. ഫാ.ഫ്ലിന്നിനെ പലപ്പോഴും അവര്‍ സംശയത്തോടെ നോക്കുന്നു.
ഒരിക്കല്‍ മഠത്തില്‍ പുതിയതായി വന്ന സിസ്റ്ററും, എട്ടാം ക്ലാസില്‍ പഠിപ്പിക്കുകയും ചെയ്യുന്ന, സിസ്റ്റര്‍ ജെയിംസ്, തന്റെ ക്ലാസിലെ ഒരേയൊരു കറുത്ത വര്‍ഗ്ഗക്കാരനായ കുട്ടിയെ, ഒരിക്കല്‍ ഫാ.ഫ്ലിന്‍ അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിപ്പിച്ചതായി സി.അലോഷ്യസിനോട് പറയുന്നു. ആ കുട്ടി ക്ലാസില്‍ തിരിച്ചു വന്നപ്പോള്‍, മദ്യപിച്ചിരുന്നതായും അവര്‍ക്ക് മനസ്സിലായിരുന്നു.
ഇതേ തുടര്‍ന്ന് ഫാദറിനെ കുറിച്ച് സി.അലോഷ്യസിന് പല കടുത്ത സംശയങ്ങളും ജനിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ കുട്ടിയുടെ അമ്മയില്‍ നിന്ന് ആ കുട്ടി ചില homosexual സ്വഭാവങ്ങള്‍ കാണിക്കുന്നതായും സിസ്റ്റര്‍ അറിയുന്നു. ഫാദര്‍ ഫ്ലിന്‍ ഒരു pedophile ആണെന്ന് സിസ്റ്റര്‍ മാനസികമായി ഉറപ്പിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ സിസ്റ്റര്‍ ഈ കാര്യങ്ങളെ കുറിച്ച് ഫാതെര്‍ ഫ്ലിന്നിനോട് വാഗ്വാദം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. താന്‍ നിരപരാധിയാണെന്ന് ഫാദര്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സിസ്റ്റര്‍ അത് വിശ്വസിക്കുന്നില്ല.
സിനിമയില്‍ ജോണ്‍ പാട്രിക് ഷാന്‍ലി വ്യക്തമായ ഒരു വിധിക്ക് മുതിരുന്നില്ല. അത് പ്രേക്ഷകന്റെ ജോലിയാണ്. കഥാപാത്രങ്ങളുടെ സ്വഭാവം പ്രേക്ഷകന് മനസ്സിലാക്കി തരാന്‍ പല സന്ദര്‍ഭങ്ങളും കഥയിലൂടെ ഷാന്‍ലി കാണിക്കുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ , സിസ്റ്ററിന്റെ സംശയങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. 'Doubt' ചില ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മുന്നിലേയ്ക്ക് വയ്ക്കുന്നു. പ്രേക്ഷകന്റെ വ്യാഖ്യാനങ്ങളെയും, നിരീക്ഷണങ്ങളെയും ആശ്രയിച്ചാണ് അവയുടെ ഉത്തരങ്ങള്‍ പൂര്‍ത്തിയാവുക.

No comments:
Post a Comment