Tuesday, August 12, 2014

വല്ലപ്പോഴും മാത്രമേ നമുക്ക് ഇങ്ങനെ ജെന്യുവിന്‍ എന്ന് തോന്നിക്കുന്ന വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ കഴിയുള്ളൂ. വേറിട്ട സിനിമാനുഭവം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. 'ഞാന്‍ സ്റ്റീവ് ലോപസ്'-എനിക്ക് നന്നായി ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. റിയലിസ്റ്റിക് ആയുള്ള മേകിംഗ് തന്നെയാണ് സിനിമയോടുള്ള പ്രധാന ആകര്‍ഷണം. 

സ്റ്റീവ് എന്ന ഡിഗ്രി വിദ്യാര്‍ഥിയെ മുന്‍നിര്‍ത്തിയാണ് കഥ മുന്നോട്ടു പോകുന്നത്. സ്റ്റീവ് ഇല്ലാത്ത ഒരു സീന്‍ പോലും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. സിനിമയുടെ ഗതിക്കനുസരിച്ച് പ്രേക്ഷകനെ കൂടെ കൊണ്ടുപോകാനുള്ള എന്തോ ഒരു പ്രത്യേക കഴിവ് ഈ സിനിമയ്ക്കുണ്ട്.  അതുകൊണ്ട് തന്നെ, സ്റ്റീവിന്റെ കൂടെയാണ് നമ്മളും യാത്ര ചെയ്യുന്നത്. കഥയിലെ പലവിധ അവസ്ഥകളെ അവതരിപ്പിക്കാന്‍ സാങ്കേതികയുടെ അലങ്കാരത്തിനപ്പുറം റിയലിസത്തിന്റെ ഭംഗിയില്‍ വിശ്വാസം കൊടുക്കുന്ന രാജീവ് രവിയെ ഒരുപാട് പ്രശംസിക്കേണ്ടിയിരിക്കുന്നു.

"നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് എല്ലാ കലാപങ്ങളുടെയും കാതല്‍." എന്ന ഏഴുത്തോട് കൂടിയാണ് സിനിമ തുടങ്ങുന്നത്. ഈ വാക്യത്തെ ആ അര്‍ത്ഥത്തില്‍ കാണിക്കുന്നതില്‍ സിനിമയുടെ കഥ നീതി പുലര്‍ത്തിയോ എന്നെനിക്കു സംശയമുണ്ട്‌. പക്ഷെ അതൊരിക്കലും ഇതിലെ സിനിമാസ്വാദനത്തിനു വിലങ്ങു തടിയാവുന്നില്ല. കഥയ്ക്ക്‌ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ചില പ്രത്യേക ചേരുവകള്‍ വേണം എന്ന നിര്‍ബന്ധബുദ്ധിയുള്ളവരെ ഈ സിനിമ ഒരിക്കലും തൃപ്തിപ്പെടുത്തില്ല. 

ഓരോ കഥാപാത്രത്തിനും ഈ സിനിമയില്‍ അവരുടെതായ പ്രത്യേകതയും ഉത്തരവാദിത്തവും ഉണ്ട്. ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്ളവരുടെ വ്യക്തി ജീവിതം ആദ്യമായിട്ടായിരിക്കില്ല വെള്ളിത്തിരയില്‍ കാണിക്കപ്പെടുന്നത്. എങ്കിലും അവിടെയും വ്യത്യസ്തത നിലനിര്‍ത്താന്‍ 'ഞാന്‍ സ്റ്റീവ് ലോപസ്'-ഇന് കഴിയുന്നു. പല സ്ഥലങ്ങളിലും സംവിധായകന്‍ കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ചലനങ്ങളാണ് ഒപ്പിയെടുക്കുന്നത്‌. (ഉദാഹരണം, റൂമില്‍ കെട്ടിയിടപ്പെട്ട സ്റ്റീവ് ജനാലയിലൂടെ പുറത്തേക്കു നോക്കുന്ന രംഗങ്ങള്‍). റിയലിസത്തിന്റെ പാതയില്‍ സിനിമ കാണിക്കുമ്പോള്‍ അനിവാര്യമായി വരുന്നതാണ് അതെല്ലാം. ഇതുകൊണ്ടൊക്കെ ആവാം ഈ പടം ഭയങ്കര ലാഗ് ആണെന്ന് ഭൂരിപക്ഷത്തിനു തോന്നുന്നത്. 

തിരുവനന്തപുരത്തിന്റെ ഭാഷ മാത്രമല്ല, നഗരത്തിന്റെ താളവും ഈ സിനിമയില്‍ നമ്മള്‍ അറിയാതെ അനുഭവിക്കുന്നു. അഭിനേതാക്കള്‍ അവരുടെ പൂര്‍ണ്ണ പിന്തുണയാണ് രാജീവിന് സിനിമയില്‍ കൊടുത്തിരിക്കുന്നത്‌.  ഭൂരിഭാഗം പ്രധാന കഥാപാത്രങ്ങളും ചെയ്തിരിക്കുന്നത് പുതുമുഖങ്ങളാണ് എന്ന് കൂടി നമ്മള്‍ ഓര്‍ക്കണം. ഷഹബാസ് അമന്റെ എല്ലാ പാട്ടുകളും മികച്ചതാണ്. നല്ല സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ. രാജീവ് രവിക്ക് അഭിവാദ്യങ്ങള്‍.






No comments:

Post a Comment