Tuesday, August 12, 2014


'സ്പിരിറ്റ്‌' എന്ന സിനിമയിലെ രാഷ്ട്രീയം,വിവേചനം,ചീപ്നെസ്സ് ഒക്കെ എതിര്‍ക്കുന്ന ആളാണ്‌ ഞാന്‍. (ഇത് കുറേ വിശദീകരണം ആവശ്യമുള്ള കാര്യമാണ്. രണ്ടു മൂന്നു വാക്യങ്ങളില്‍ പറയാന്‍ പറ്റില്ല. മടി കാരണം ഇത് വരെ എഴുതിയിട്ടില്ല). എങ്കിലും സിനിമയില്‍ additionally ചില ചെറിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ രഞ്ജിത്ത് കാണിച്ചിട്ടുള്ള സര്‍ഗ്ഗാത്മകത ശ്രദ്ധേയമാണ്.

മോഹന്‍ലാലിന്റെ കഥാപാത്രം ഒരിക്കെ വീട്ടില്‍ വരുമ്പോള്‍ ചില ബുദ്ധിജീവികള്‍ കാണാന്‍ വന്നിട്ടുള്ള സീനുണ്ട്. കാര്‍ വീട്ടില്‍ എത്തുമ്പോള്‍ ആദ്യം കാണിക്കുന്നത് അവിടെയുള്ള കാറിന്റെ ഡ്രൈവര്‍ സൈഡില്‍ ഇരുന്നു ഫോണില്‍ സംസാരിക്കുന്നതാണ്.

"ആ ..ഞാന്‍ കൊച്ചിലാണെ..മാഷ്ടെ കൂടെ വന്നതാണ്...ആ ..ഞാന്‍ മാഷ്നെ തൃശ്ശൂരാക്കീട്ടെ, വൈന്നേരം തന്നെ പാലക്കാട്ടീക്ക് വരും..ഓ..ശരീട്ടോളിന്‍." ഇതാണ് സംഭാഷണം. ഇത് ഒരു പ്യുവര്‍ പാലക്കാടന്‍ ഭാഷയാണ്‌. (ഒരു പാലക്കാട്ട്കാരനായ എനിക്ക് അത് കൃത്യമായി മനസ്സിലാവും. പക്ഷെ പുറത്തുള്ളവര്‍ക്ക് അങ്ങനെ ചിലപ്പോ മനസ്സിലായി എന്ന് വരില്ല.)

പാലക്കാടന്‍ ഭാഷ നമ്മുടെ സിനിമകളില്‍ അങ്ങനെ ഉപയോഗിച്ചിട്ടില്ല. പാലക്കാടന്‍ ഭാഷ എന്ന് പറഞ്ഞു ചില സിനിമകളില്‍ സാധാരണ കാണിക്കുന്നത് ശരിക്കുമുള്ള പാലക്കാടന്‍ ഭാഷയല്ല താനും. അധികവും ഒറ്റപ്പാലം ഒക്കെ കേന്ദ്രീകരിച്ചുള്ള ഒരു തരം 'നന്മമലയാളം' ആണ് പാലക്കാടന്‍ ഭാഷ എന്ന് പറഞ്ഞു കാണിക്കുക പതിവ്. കോട്ടയത്തെയും, തിരുവനന്തപുരത്തെയും, തൃശൂരത്തെയും, മലപ്പുറത്തെയും ഒക്കെ ഭാഷ സിനിമകളില്‍ ഹിറ്റ്‌ ആയെങ്കിലും, ഒറിജിനല്‍ പാലക്കാടന്‍ ഭാഷ സിനിമയിലോ സാഹിത്യത്തിലോ അങ്ങനെ ഉപയോഗിച്ചതായി തോന്നുന്നില്ല. ('ഖസാക്കിന്റെ ഇതിഹാസം'-ത്തില്‍ ആണ് ആ ഭാഷ പിന്നെ ഉള്ളാതായി തോന്നുന്നത്.)


                                   

അതുപോലെ മോഹന്‍ലാലിന്റെ കഥാപാത്രം വീട്ടില്‍ കേറി കഴിഞ്ഞു അവരോടു പറയുന്നുണ്ട്, "ഇനി താക്കോല്‍ കിട്ടിയില്ലെങ്കി തന്നെ ചവിട്ടി തുറന്നു കേറാമല്ലോ." അപ്പൊ മറ്റേ കഥാപാത്രം പറയുന്നു. "കേരളത്തിലെ ഒരു ബുദ്ധിജീവിം, ഒരു വാതിലും ഇന്നേവരെ ചവിട്ടി പോളിച്ചിട്ടില്ല. എന്താ കാരണം? ആരോഗ്യില്ല..അതന്നെ". ഇത്തരം സാഹിത്യ ഹ്യുമര്‍ ഒക്കെ രഞ്ജിത്തിനു മാത്രം സാധിക്കുന്നതാണ്.




No comments:

Post a Comment