Friday, August 8, 2014

'മേല്‍വിലാസം'-ത്തെക്കാള്‍ താഴെയാണ് ഞാന്‍ 'അപ്പോത്തിക്കിരി'-ക്ക് കൊടുക്കുന്ന സ്ഥാനം. തീര്‍ച്ചയായും സാമൂഹ്യപ്രസക്തവും, ഗൌരവകരവുമായ ഒരു വിഷയമാണ് ഈ സിനിമയിലുള്ളത്. കച്ചവടചേരുവകള്‍ ചേര്‍ക്കാതെ സംവിധായകന്റെ സിനിമ എടുക്കാനുള്ള മാധവ് രാംദാസിന്റെ ധൈര്യത്തെയും ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷെ സിനിമ എന്ന നിലയില്‍ ഒരു വിജയമാണിത് എന്നെനിക്ക് തോന്നുന്നില്ല.
അനാവശ്യമായ ബി.ജി.എം ആണ് എനിക്ക് ഏറ്റവും അസഹനീയമായി തോന്നിയത്. അരോജകമാം വിധം ദുഃഖ ബി.ജി.എം ഉപയോഗിച്ചുള്ള നാടകീയ രംഗങ്ങള്‍ ടി.വി ചാനലുകളില്‍ ഓടുന്ന മെഗാസീരിയലുകളെ പലപ്പോഴും ഓര്‍മ്മിപ്പിച്ചു. ആദ്യത്തെ അഞ്ചു മിനിറ്റ് അതിനാടകീയതയും ആവര്‍ത്തിച്ചു വരുന്ന ഒരേ ദുഃഖ ബി.ജി.എമ്മും കാരണം തിയേറ്ററില്‍ നിന്ന് എഴുന്നേറ്റ് ഓടാന്‍ തോന്നി. പിന്നീട് താത്കാലികമായെങ്കിലും അതൊന്നു നിന്ന് കിട്ടിയപ്പോള്‍ ആണ് ഒന്ന് ആശ്വാസമായത്. അഭിനേതാക്കള്‍ എല്ലാം അവര്‍ക്ക് പറഞ്ഞു കൊണ്ടുത്ത ജോലി എന്തായാലും നന്നായി തന്നെ ചെയ്തതായി തോന്നി. പ്രത്യേകിച്ച് ജയസൂര്യയുടെ കഥാപാത്രമാണ് ചില പ്രേക്ഷകരെയെങ്കിലും സിനിമ തുടര്‍ന്നും കാണാന്‍ പ്രചോദിപ്പിച്ചത് എന്ന് തോന്നി.
ഗൌരവകരമായി തന്നെയാണ് മാധവ് രാംദാസ് ഈ സിനിമയെയും സമീപിച്ചിരിക്കുന്നത്. ഹോസ്പിറ്റലുകളില്‍ നടക്കുന്ന മരുന്ന് പരീക്ഷണത്തിന്റെ വിപത്തുകളെയാണ് സിനിമ കാണിച്ചു തരുന്നത്. രണ്ടു ഡോക്ടര്‍മാരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. അണിയറപ്രവര്‍ത്തകരുടെ നല്ല ഉദ്ദേശത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഈ സിനിമ കണ്ടു ഏതെങ്കിലും ഡോക്ടറുടെ മനസ്സ് മാറിയാല്‍ അതീ സിനിമയുടെ ഒരു വലിയ നേട്ടം തന്നെയാണ്.
ഒരു സിനിമ എന്നാല്‍ സാമൂഹ്യപ്രസക്തമായ വിഷയം ഉണ്ടെങ്കിലും അടിസ്ഥാനപരമായി ചില 'സിനിമാറ്റിക് വാല്യൂസ്' ഉണ്ടാവണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സാമൂഹിക ഉത്തരവാദിത്വത്തെ കാണിച്ചു തരുന്ന ഒരു സിനിമ എന്ന ഒറ്റ കാരണം കൊണ്ട് സിനിമയെ വാനോളം പുകഴ്തണം എന്ന വാദത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനു വല്ല ഡോക്യുമെന്ററിയോ മറ്റോ എടുത്താല്‍ മതിയല്ലോ.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സിനിമാസ്വാദന അനുഭവം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും എന്നെനിക്കറിയാം. ഈ സിനിമ നന്നായി ഇഷ്ടപ്പെട്ടവര്‍ക്ക് ഇതൊരു വ്യക്തിപരമായ അഭിപ്രായമാണെന്നും യാതൊരു തരത്തിലുള്ള സാമാന്യവല്ക്കരണത്തിനോ കല്‍പ്പിച്ചു കൂട്ടിയ degradation-നോ ഉള്ള ശ്രമമല്ല എന്നും ഓര്‍മ്മിപ്പിക്കുന്നു.




No comments:

Post a Comment