Saturday, June 7, 2014

വടക്കനച്ചന്‍ എന്ന് ആദ്യമായി കേട്ടത് അമ്മ പറഞ്ഞാണ്. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനും, പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്ന് പല കാര്യങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും, തേക്കിന്‍കാട് മൈതാനത് കുര്‍ബാന അര്‍പ്പിച്ചു സഭയെ ഞെട്ടിക്കുകയും ചെയ്ത ആ മനുഷ്യനെ കുറിച്ച് എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.

തൃശ്ശൂരില്‍ നിന്നും വടക്കനച്ചന്‍ തുടങ്ങിയ 'തൊഴിലാളി' എന്ന പ്രസിദ്ധീകരണത്തില്‍, ഞാന്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ മരിച്ചു പോയ എന്റെ അമ്മയുടെ അച്ഛന് (അഥവാ അപ്പാപ്പന്‍) ഒരു ചെറിയ ജോലിയുണ്ടായിരുന്നു. അവിടെ നിന്നും വടക്കനച്ചനെയും, മുന്‍ മന്ത്രിയായ ബി.വെല്ലിംഗ്ഠനെയും പുള്ളിക്ക് പരിചയം ഉണ്ടായിരുന്നു. ഒരിക്കല്‍ ചെറുപ്പത്തില്‍ അമ്മ അസുഖം പിടിച്ചു ആശുപത്രിയില്‍ കിടന്നപ്പോള്‍ (വരാന്തയില്‍ നിലത്തായിരുന്നു കിടന്നത് എന്നാണ് കേട്ടിട്ടുള്ളത്), വെല്ലിംഗ്ടന്‍ കാണാന്‍ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു അറിഞ്ഞിട്ടുണ്ട്.

പ്രസ്സില്‍ നിന്നും ധാരാളം പുസ്തകങ്ങള്‍ അപ്പാപ്പന്‍ വീട്ടിലേക്കു കൊണ്ട് വന്നിട്ടുണ്ട്. പ്രസിദ്ധമായ ഒരുപാട് പുസ്തകങ്ങള്‍, 1950-കളിലും, 1960-കളിലും ഉള്ള പ്രിന്റുകള്‍ അടങ്ങിയ നിധി ശേഖരങ്ങള്‍. നാട്ടിലെ വീട് വില്‍ക്കുന്ന സമയത്ത്, അത് വരെ തൊടാതെ വച്ചിരുന്ന പെട്ടികള്‍ തുറന്നപ്പോള്‍ ആണ് വീണ്ടും കണ്ടു കിട്ടിയത്.

വടക്കനച്ചന്‍, എഴുതിയ ഒരുപാട് പുസ്തകങ്ങളും അതിലുണ്ട്. Anti Communist Front (A.C.F) എന്ന വടക്കനച്ചന്‍ ആദ്യം തുടങ്ങിയ പ്രസ്ഥാനത്തിന്റെയും, പിന്നീട് കര്‍ഷക തൊഴിലാളി പാര്‍ട്ടി (K.T.P) നടത്തിയ പല സമരങ്ങളുടെയും ചരിത്രം അതിലുണ്ട്. ജനം മറന്നു പോയ ചരിത്രത്തിന്റെ ഒരേട്‌ പുറത്തു കൊണ്ടുവരുവാന്‍ അതെല്ലാം എന്നോട് പറയുന്നു.



No comments:

Post a Comment