Saturday, June 7, 2014

അവിചാരിതമായുണ്ടായ ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമായി ഒരു മുഴുനീള ത്രില്ലര്‍ സിനിമയാണ് 'The big clock'. കെന്നത് ഫിയറിംഗ് എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, ജോനാഥന്‍ ലാറ്റിമറിന്റെ തിരക്കഥയില്‍ ജോണ്‍ ഫാരോ സംവിധാനം ചെയ്തു 1948-ലാണ് ഈ സിനിമയിറങ്ങിയത്. അവസാനം വരെ പ്രേക്ഷകനെ ഉദ്വേഗത്തോടെ പിടിച്ചിരുത്തുന്ന സിനിമ.

ജാനത് പബ്ലിക്കേഷന്‍സ് എന്ന വലിയ സ്ഥാപനത്തിന്റെ ഉടമയാണ് ഏള്‍ ജാനത്. ബിസിനസ്സില്‍ അതീവ ശ്രദ്ധാലുവും കടുത്ത നിഷ്കര്‍ഷതകള്‍ ഉള്ള ആളുമാണ് ജാനത്. സ്ഥാപനത്തിന്റെ 'ക്രൈംവേ മാഗസിന്‍'-ന്റെ ചീഫ് എഡിറ്റര്‍ ആണ് ജോര്‍ജ്ജ് സ്ട്രൌഡ്. തന്റേതായ പ്രത്യേക രീതികളിലൂടെ പിടിക്കിട്ടാപുള്ളികളെ കണ്ടുപിടിക്കാനും , അത് മാഗസീനില്‍ exclusive ആയി കൊടുക്കാനും സ്ട്രൌഡ് വിരുതനാണു.

വളരെ ആത്മാര്‍ത്ഥതയുള്ള ജോലിക്കാരനാണെങ്കിലും , തന്റെ കുടുംബത്തിന്റെ കൂടെ ചിലവഴിക്കാന്‍ സ്ട്രൌഡിനു സമയം ലഭിക്കുന്നില്ല. ഭാര്യയുടെ കൂടെ ഉല്ലാസയാത്രക്ക്‌ പോകാന്‍ അവധി നല്‍കാന്‍ ജാനത് വിസമ്മതിച്ചതിനാല്‍, സ്ട്രൌഡ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. ഭീഷണിപ്പെടുത്തി സ്ട്രൌഡിനെ തിരിച്ചു കൊണ്ടുവരാന്‍ ജാനത് ശ്രമിക്കുന്നത് നടക്കുന്നില്ല.

അതിനിടയില്‍ ജാനത്തുമായി അത്ര രസത്തിലല്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ, സ്ട്രൌഡിന്റെ കൂടെ ജാനത്തിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ പദ്ധതിയിടുന്നു. ജാനത്തിന്റെ ഭാര്യയുടെ വീട്ടില്‍ എത്തിയ സ്ട്രൌഡ്, ജാനത്ത് വരുന്നത് കണ്ടു പെട്ടന്ന് ഇറങ്ങിയോടുന്നു. ഇറങ്ങി പോകുന്നയാളിനെ വ്യക്തമായി കാണാതിരുന്ന ജാനത്, ഭാര്യയുമായി കയര്‍ക്കുകയും, അവരെ വധിക്കുകയും ചെയ്യുന്നു.

കൊലപാതകം വേറൊരാളുടെ തലയില്‍ ജാനത്തിനു കെട്ടി വയ്ക്കണം. അതിനു ജാനത് കണ്ടെത്തുന്നത് സ്ട്രൌഡിന്റെ കൂട്ടുകാരനെയാണ്. അയാളെ കണ്ടുപിടിക്കാന്‍ ജാനത് സ്ട്രൌഡിനെ തന്നെ ഏല്‍പ്പിക്കുന്നു. എന്നാല്‍ സ്ട്രൌഡിനു തന്റെ സുഹൃത്തിനെ രക്ഷിക്കണം,ഒപ്പം യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തണം, മാത്രമല്ല താനായിരുന്നു പിറ്റേ ദിവസം ജാനത്തിന്റെ ഭാര്യുടെ വീട്ടില്‍ എന്നത് രഹസ്യമാക്കി വയ്ക്കുകയും വേണം.

അതിനു വേണ്ടിയുള്ള തീവ്രശ്രമങ്ങളും, അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് സിനിമയില്‍ കാണിക്കുന്നത്. ഇത്ര പഴയ സിനിമയായിട്ടു കൂടിയും, കമ്മേര്‍ഷ്യല്‍ ആയി നോക്കിയാലും, ഒട്ടും കുറയാത്ത ആസ്വാദ്യത നമ്മെ അത്ഭുതപ്പെടുത്തും. കഥാപാത്രങ്ങളുടെ characterization-നും, അര്‍ത്ഥം ഒളിപ്പിച്ചു വച്ചുകൊണ്ടുള്ള സംഭാഷണങ്ങളുമാണ് സിനിമയുടെ പ്രത്യേകത. ഒരു മികച്ച സര്‍വൈവല്‍ ത്രില്ലര്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.

No comments:

Post a Comment