Thursday, May 29, 2014

ബ്രിയാന്‍ ഡി പാമ സംവിധാനം ചെയ്ത് 1976-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമയാണ് 'Carrie'. 1974-ല്‍ സ്റ്റീഫന്‍ കിംഗ്‌ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. പില്‍ക്കാലത്ത്‌ 1980-ല്‍ ഇറങ്ങി വളരെ ശ്രദ്ധിക്കപ്പെട്ട 'The shining' എന്ന സിനിമയും കിംഗിന്റെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു.

വസ്തുക്കളെ സ്പര്‍ശിക്കാതെ തന്നെ അവയെ മനസ്സിന്റെ ശക്തിയാല്‍ ചലിപ്പിക്കാന്‍ കഴിവുള്ള (telekinesis) ക്യാറി വൈറ്റ് എന്ന പെണ്‍കുട്ടിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. തീവ്രവും അന്ധവുമായ മതചിന്തയാല്‍ ഒരു മതഭ്രാന്തിയും മൌലികവാദിയും ആണ് അവളുടെ അമ്മ. ലൈംഗികതയുമായി ബന്ധപ്പെട്ടതെല്ലാം പാപമാണ് എന്ന് കരുതുന്ന ആ അമ്മ മകളെയും അങ്ങനെയാണ് വളര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ നിശബ്ദയും, അന്തര്‍മുഖിയും ആണ് ക്യാറി. ചിലപ്പോഴൊക്കെ അവള്‍ അമ്മയോടെ ചെറുതായി പ്രതിഷേധിക്കും. സ്കൂളില്‍ സ്ഥിരം അവള്‍ പരിഹാസപാത്രമാണ്.

ഒരിക്കല്‍ സ്കൂളില്‍ ജിമ്മില്‍ വച്ചാണ് ക്യാറിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടാവുന്നത്. രക്തം കണ്ട് അതെന്താണെന്ന് അറിയാത്ത അവള്‍ തനിക്ക് എന്തോ അപകടം പറ്റി എന്ന് കരുതി കരഞ്ഞ് അലറുന്നു. അമ്മയുടെ അടുക്കല്‍ എത്തിയപ്പോള്‍ അത് പാപത്തിന്റെ പ്രതീകമാണ് എന്നാന്നു അവര്‍ പറഞ്ഞു കൊടുത്തത്.

സ്കൂളില്‍ ആ സംഭവത്തില്‍ ക്യാറിയെ ക്രൂരമായി പരിഹസിച്ച മറ്റുള്ള പെണ്‍കുട്ടികളെ ജിം ടീച്ചര്‍ മിസ്സ്‌ കൊള്ളിന്‍സ് ശകാരിക്കുകയും അവരിലെ പ്രധാനിയായ ക്രിസ് സ്റ്റോമ്സിനെ നടക്കാനിരിക്കുന്ന prom-ല്‍ പങ്കെടുക്കുന്നതിനു അനുവാദം നിഷേധിക്കുകയും ചെയ്യുന്നു. അതിലെ മറ്റൊരു പെണ്‍കുട്ടി അവളുടെ ആണ്‍സുഹൃത്ത് ടോമിയെ കൊണ്ട് ക്യാറിയെ prom-ല്‍ കൂട്ടിക്കൊണ്ടു പോകുവാന്‍ സമ്മതിപ്പിക്കുന്നു. ആദ്യം വിസമ്മതിച്ചു എങ്കിലും പിന്നീട് ക്യാറി അവന്റെ കൂടെ പോകുവാന്‍ സമ്മതിക്കുന്നു. ഇതിനു വേണ്ടി അമ്മയുടെ കൂടെ കയര്‍ക്കുകയും അവള്‍ ചെയ്യുന്നുണ്ട്.
ക്യാറിയോടെ തോന്നിയ വെറുപ്പില്‍ നിന്നും prom-ല്‍ അവളെ നാണം കെടുത്താന്‍ ക്രിസ് സ്റ്റോമ്സ് ഒരു പദ്ധതി തയ്യാറാക്കുന്നു. അവളുടെ കാമുകനെയും കൂട്ടി ഒരു പന്നിയെ കൊന്നു അതിന്റെ ചോര ഒരു ബക്കറ്റില്‍ ആക്കി സ്റ്റേജിന്റെ മുകളില്‍ വീഴാന്‍ തയ്യാറാക്കി വയ്ക്കുകയാണ് അവള്‍ ചെയ്തത്. അവള്‍ തന്നെ ഉണ്ടാക്കിയ ഒരു കെണിയിലൂടെ ക്യാറിയെയും ടോമിനെയും സ്റ്റേജില്‍ കയറ്റുകയും, ആ ചോര നിറഞ്ഞ ബക്കറ്റ് അവളുടെ തലയില്‍ വീഴ്ത്തുകയും ചെയ്യുന്നു. എല്ലാവരുടെയും മുന്നില്‍ കോമാളിയായ ക്യാറി തന്റെ telekinesis കൊണ്ട് അവിടെയുണ്ടാക്കുന്ന ദുരന്തവും, പിന്നീട് ചോരയില്‍ മുങ്ങിയ രൂപത്തില്‍ വീട്ടില്‍ കയറി ചെന്ന അവള്‍ നേരിടുന്ന സംഭവവുമാണ് സിനിമ.

സിനിമയുടെ രണ്ടാം പകുതി നോക്കിയാല്‍ പേടിപ്പെടുത്തുന്ന പല നല്ല ഷോട്ടുകളുമുണ്ട്. മതഭ്രാന്ത് കൊണ്ട് അന്ധമാകുമ്പോള്‍ ഉണ്ടാകുന്ന ദുരന്തത്തെ ഈ സിനിമ കാണിച്ചു തരുന്നു. കിംബെര്‍ളി പിയേര്‍സ് സംവിധാനം ചെയ്തു 2013-ല്‍ വീണ്ടും ഇത് ഒരു സിനിമയായി adapt ചെയ്ത് ഇറങ്ങിയിരുന്നു.




No comments:

Post a Comment