Saturday, March 8, 2014

"ടു കില്‍ എ മോക്കിംഗ് ബേര്‍ഡ് "

1960-ല്‍ ഹാര്‍പര്‍ ലീ എഴുതിയ നോവലാണ്‌ 'To kill a mocking bird'. അമേരിക്കന്‍ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഈ കൃതിക്ക് പുലിറ്റ്സര്‍ പ്രയ്സും ലഭിച്ചു . ഈ നോവലിനെ ആധാരമാക്കി റോബര്‍ട്ട്‌ മുള്ളിഗന്‍ 1962-ല്‍ അതെ പേരില്‍ ഒരു സിനിമ സംവിധാനം ചെയ്തു . എക്കാലത്തെയും മഹത്തായ സിനിമയായി പൊതുവേ ഇത് അംഗീകരിക്കപ്പെടുന്നു . അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണ/വര്‍ഗ്ഗ വിവേചനത്തെയും, അതെപ്രകാരം ആ സമൂഹം താലോലിച്ചെന്നും , കറുത്തവന്‍ അനുഭവിച്ച ക്ലേശങ്ങളും ഈ സിനിമ വരച്ചു കാണിക്കുന്നു. എങ്കിലും ഒരു കുട്ടിയുടെ മനസ്സിലൂടെയുള്ള സുന്ദരമായ കുട്ടിക്കഥയുടെ ആസ്വാദനഅനുഭൂതി കൂടി ഈ സിനിമ നമുക്ക് നല്‍കുന്നുണ്ട് . 

1930-ഇലെ ആദ്യ പകുതിയാണ് കഥയിലെ കാലം . 'മേകോമ്പ് ' എന്നൊരു സാങ്കല്പിക ചെറുനഗരത്തില്‍ ആറ്റിക്കസ് ഫിഞ്ചും ആറ് വയസ്സുകാരിയായ മകളും പത്തു വയസ്സായ മകനും താമസിക്കുന്നു . ആറ്റിക്കസ് സ്ഥലത്തെ ബഹുമാന്യനായ ഒരു നല്ല വക്കീലാണ് . അയാള്‍ പൂര്‍ണ്ണമായി ഒരു 'കുടുംബ മനുഷ്യനാണ് '. അയാളുടെ ഭാര്യ കുറച്ചു കാലം മുന്‍പ് മരിച്ചു പോയി. അച്ഛനും മക്കളും തമ്മിലുള്ള തീവ്രമായ സ്നേഹം സിനിമയില്‍ ഉടനീളം ശക്തമായി വ്യക്തമാകുന്നുണ്ട്. കുട്ടികള്‍ അയാളെ 'ആറ്റിക്കസ് ' എന്ന് പേരാണ് വിളിക്കുന്നത്‌ . അടുത്ത വീട്ടിലെ 'ബൂബ് റാഡ്ലി'-യെ കുട്ടികള്‍ ഒരിക്കലും കണ്ടിട്ടില്ല . അയാള്‍ കുറെ കാലമായി വീട്ടിനുള്ളില്‍ തന്നെ ഇരിക്കുകയാണ് . അയാളെ കുറിച്ച് പല കിംവദന്തികളും അയല്‍പക്കങ്ങളില്‍ ഉണ്ട്. അയാളെ കുറിച്ച് കുട്ടികള്‍ പല പേടിപ്പെടുത്തുന്ന കാര്യങ്ങളും കേള്‍ക്കുന്നു . എങ്കിലും അയാളെ എങ്ങിനെയെങ്കിലും കാണുക എന്നത് അവരുടെ ആഗ്രഹമാണ് . ഒരു ദിവസം 'ടോം റോബിന്‍സണ്‍' എന്നൊരു കറുത്ത വര്‍ഗ്ഗക്കാരന്‍ ഒരു വെളുത്ത പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യുകയും, ആക്രമിക്കുകയും ചെയ്ത കേസ് വരുന്നു. അതില്‍ കറുത്ത വര്‍ഗ്ഗക്കാരന് വേണ്ടി വാദിക്കുവാന്‍ ആറ്റിക്കസിനോട് ജഡ്ജി അഭ്യര്‍ത്ഥിക്കുന്നു . 

വംശീയ യാഥാസ്ഥികത്വം എതിര്‍ക്കുന്ന ആറ്റിക്കസ് അതേറ്റെടുക്കുന്നു. അന്ന് മുതല്‍ അയാള്‍ ആ സ്ഥലത്തെ ഭൂരിഭാഗം വെള്ളക്കാരുടെയും ശത്രുവാകുന്നു. അയാളുടെ മക്കള്‍ക്ക്‌ സ്കൂളില്‍ പല കയ്പേറിയ അനുഭവങ്ങളും ഉണ്ടാവുന്നു . കറുത്തവനായ പ്രതിയെ ആക്രമിക്കാന്‍ ജനക്കൂട്ടം ചിലപ്പോള്‍ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. കോടതിയില്‍ ടോമിന് വേണ്ടി ആറ്റിക്കസ് തെളിവുകള്‍ നിരത്തി ശക്തമായി വാദിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ ടോം കോടതിയില്‍ പറയുന്നുണ്ട് . സ്ഥിരമായി ആ സ്ത്രീയുടെ വീടിന്റെ മുന്നിലൂടെ പോകുന്ന അയാളെ പലപ്പോഴും അവള്‍ വീട്ടിലെ ചെറിയ പണികള്‍ക്ക് വേണ്ടി വിളിക്കാറുണ്ട് . ഒരിക്കല്‍ അച്ഛന്‍ പുറത്തുള്ള സന്ദര്‍ഭത്തില്‍ അവള്‍ അയാളെ കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. പെട്ടന്ന് അച്ഛന്‍ കയറി വരുകയും അത് കണ്ടു അവളെ കുറേ അടിക്കുകയും ചെയ്യുന്നു. ഒരു കറുത്തവര്‍ഗ്ഗക്കാരനോട് ഒരു വെള്ളക്കാരിക്ക് ആസക്തി തോന്നി എന്ന് പുറത്തറിഞ്ഞാലുള്ള നാണക്കേട്‌ നിമിത്തം അവള്‍ അയാള്‍ തന്നെ ബലാല്‍സംഘം ചെയ്തു എന്ന് കോടതിയില്‍ പറയുന്നു. ടോം നിരപരാധിയാണെന്ന് വാദത്തില്‍ വ്യക്തമായെങ്കിലും വെള്ളക്കാര്‍ മാത്രമുള്ള ജൂറി അയാളെ ശിക്ഷിക്കാന്‍ വിധിക്കുന്നു. 

സിനിമയില്‍ രണ്ടു പ്രകൃതികള്‍ നമുക്ക് കാണാം . ഒന്ന് ,  നിഷ്കളങ്കരായ കുട്ടികളും , അവരുടെ കുട്ടിക്കളികളും നിറഞ്ഞൊരു നന്മയുടെ ഗ്രാമാന്തരീക്ഷമാണ് . രണ്ടാമത്തേത് ഒരു വലിയ രാജ്യത്തില്‍ നിലനിന്നിരുന്ന അനീതിയും വംശീയ അധിക്ഷേപമനോഭാവവും കാണിച്ചു തരുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയുടെ അന്തരീക്ഷമാണ് . സിനിമയില്‍ അത് വരെ അജ്ഞാതനായ 'ബൂബ് റാഡ്ലി' കുട്ടികളുടെ രക്ഷകനായി അവസാനം പ്രത്യക്ഷപ്പെടുന്നുണ്ട് . സിനിമയിലെ മോക്കിംഗ് ബേര്‍ഡ് ബൂബ് ആണ് . നന്മനിറഞ്ഞ മനസ്സുള്ള ബൂബിനെ സമൂഹം ഭ്രാന്തന്‍ എന്നാണ് വിധിയെഴുതിയിരുന്നത് . ഗ്രിഗറി പെക്ക് അവതരിപ്പിച്ച ആറ്റിക്കസ് ഫിഞ്ചിനെ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ട് (AFI) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചലച്ചിത്ര നായകനായി തെരഞ്ഞെടുത്തു . 'ഗാന്ധി'-യിലെ ഗാന്ധിയെയും കടത്തിയായിരുന്നു ഇത് എന്ന് കൂടി ഓര്‍ക്കണം . 

No comments:

Post a Comment