ഏതൊരു ചലച്ചിത്ര ആസ്വാദകനും, നിരൂപകനും, വിദ്യാര്‍ത്ഥിക്കും പ്രചോദനം നല്‍കുന്ന സിനിമകളാണ് കെ.ജി.ജോര്‍ജ്ജിന്റെ സിനിമകള്‍ . കെ.ജി.ജോര്‍ജ്ജ് , മറ്റു പലര്‍ക്കും എന്ന പോലെ, എനിക്കും ഒരത്ഭുതമാണ് . മലയാളത്തിന്റെ ഹിച്ച്കോക്ക് ആയാണ് ഞാന്‍ കെ.ജി.ജോര്‍ജ്ജിനെ കാണുന്നത് .
'ഇരകള്‍ ' പോലുള്ള സിനിമകള്‍ മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന അത്രയേ ഉണ്ടായിട്ടുള്ളൂ. മനുഷ്യന്‍ സമൂഹത്തിനോടും , തന്നോട് തന്നെയും ചെയ്യുന്ന ക്രൂരതകളും , അതിന്റെ മുന്നില്‍ അവന്‍ തന്നെ നിസ്സഹായനായി നില്‍ക്കേണ്ടി വരുന്നതും , ആത്യന്തികമായി അവന്‍ തന്നെ നശിപ്പിച്ച അവന്റെ ചുറ്റുപ്പാടുകളില്‍ സ്വയം ഇരയായി തീരുന്നതും എല്ലാം , സിനിമയില്‍ കൃത്യമായി അവതരിപ്പിക്കപ്പെടുന്നു . പാലേക്കുന്നില്‍ തറവാടാണ് സിനിമയിലെ കേന്ദ്രം. ഇരുപത്തിരണ്ടുകാരനായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മനസ്സിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത് . പിന്നീടു സിനിമാ മന്ത്രിയായ ഗണേഷ് കുമാറിന്റെ ആദ്യത്തെ സിനിമയാണ് ഇത്. അദ്ദേഹമാണ് ബേബി എന്ന വിദ്യാര്‍ഥിയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് . ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ കാണിക്കാതെ അദ്ദേഹം ആ കഥാപാത്രം ഭംഗിയായി ചെയ്തു .
തിലകന്‍ അവതരിപ്പിച്ച പാലേക്കുന്നില്‍ മാത്തുകുട്ടി എന്ന തറവാട്ടിലെ കാരണവര്‍ ഒരു ടിപ്പിക്കല്‍ തെക്കന്‍ നസ്രാണിയുടെ എല്ലാ ക്രൂരതകളും അടങ്ങിയ കഥാപാത്രമാണ് . തൊഴിലാളികളെ ചതിച്ച് , കള്ളത്തടിവെട്ട് , കഞ്ചാവ് കൃഷി അങ്ങനെ പലതും നടത്തി പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ആപ്തവാക്ക്യം വിശ്വസിച്ചു മറ്റേതു നന്മയുടെ വികാരത്തേയും ഉപേക്ഷിച്ചു ജീവിക്കുന്ന ഒരാളാണ് അയാള്‍ . അയാള്‍ക്ക് യോജിച്ചവരായിരുന്നു മൂത്ത രണ്ടു ആണ്‍മക്കളും ഒരു പുത്രിയും. ഇളയ സന്താനമായ ബേബി മാത്രം അതില്‍ യോജിക്കാതെ പോയി.
തന്റെ ചുറ്റുപാടുകളില്‍ നിന്ന് നേടുന്ന കയ്പേറിയ തിരിച്ചറിവുകള്‍ , മനസ്സിനെ വിഭ്രാന്തമാക്കുകയും , അതില്‍ നിന്നും മോചനം നേടാന്‍ ഹിംസാത്മകമായ മനസ്സിനെ രൂപപ്പെടുത്തുക എന്ന പോംവഴി സ്വീകരിക്കുകയും ചെയ്യുന്ന, ഒരു പക്ഷെ 'സൈക്കിക്ക് ' എന്ന് പറയാവുന്ന കഥാപാത്രമായി മാറുകയാണ് ബേബി. അയാള്‍ സിനിമയില്‍ നടത്തുന്ന കൊലപാതകം ഇതാണ് കാണിക്കുന്നത് . ബേബി ഒരു നിസ്സഹായതയുടെ പ്രതീകമാണ് . അയാള്‍ സിനിമയില്‍ സ്നേഹം കാണിക്കുന്നത് നാല് കഥാപാത്രങ്ങളോട് മാത്രമാണ് . അയാളുടെ അമ്മ, അശോകന്‍ അവതരിപ്പിക്കുന്ന രാഘവന്‍ എന്ന വീടിന്റെ അടുത്തുള്ള അനാഥനായ കൂട്ടുക്കാരന്‍ , വീടിന്റെ അടുത്തുള്ള പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടി , പിന്നെ കിടക്കയില്‍ നിത്യജീവിതം നയിക്കുന്ന വയസ്സനും രോഗിയുമായ അയാളുടെ മുത്തശ്ശന്‍ .
റബര്‍ എസ്റ്റേറ്റിന്റെ പശ്ചാത്തലം സിനിമക്ക് ഒരു പ്രത്യേക ഫീല്‍ കൊടുക്കുന്നുണ്ട് . ബേബിയും രാഘവനും കൂടെ റബര്‍ തോട്ടത്തില്‍ ഇരിക്കുന്നു . ബേബി മലര്‍ന്നു കിടന്നു ചുറ്റും നോക്കുമ്പോള്‍ റബര്‍ പാല്‍ ചുരത്തുന്ന മരങ്ങള്‍ . ബേബി ചോദിക്കുന്നു. 'രാഘവാ , ഈ റബര്‍ പാലിനെന്താടോ വെള്ള നിറം വന്നത്?' മറുപടി : 'അത് പിന്നെ പാലിന് എല്ലാം വെള്ള നിറം അല്ലെ' . ബേബി പറയുന്നു : 'ഇതിനു ചോരയുടെ നിറം ആയിരുന്നെങ്കില്‍ എന്ത് രസമായിരുന്നേനെ. നീയൊന്നു ആലോചിച്ചു നോക്കിക്കേ. ഈ ഓരോ മരത്തീന്നും ചോര ഒലിച്ച് വരുന്നത് . കടും ചുവപ്പ് നിറത്തിലുള്ള ചോര.'
സിനിമയിലെ ബേബിയുടെ മുത്തശ്ശന്റെ കഥാപാത്രം നഷ്ടപ്പെട്ടു പോയ നന്മയുടെ പ്രതീകമാണ് . അയാള്‍ക്ക് തന്റെ മകനായ മാത്തുക്കുട്ടി ചെയ്യുന്നതില്‍ എതിര്‍പ്പുണ്ട് . പക്ഷെ അയാള്‍ക്ക് കുടുംബത്തില്‍ യാതൊരു വിലയുമില്ല. കിടക്കയില്‍ കിടന്നു കൊണ്ട് അയാള്‍ പലതും പറയുന്നു . ഒരു വഴിപാടു പോലെ . പഴയ കഥകള്‍ പലതും പറയും. പണ്ട് കാടായിരുന്ന ഈ സ്ഥലത്ത് വന്നു വന്യമൃഗങ്ങളെ പ്രതിരോധിച്ചു കൃഷി നടത്തിയ സുവര്‍ണ്ണ കഥകള്‍ . അങ്ങനെ പലതും . ആരും ശ്രദ്ധിക്കാറില്ല . ഒരിക്കല്‍ ബേബി മുത്തശ്ശന്റെ അടുത്ത് ചെന്ന് ഇരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:
"...സായിപ്പാ വെടി വെക്കാന്‍ പഠിപ്പിച്ചേ. സായിപ്പ് പോയപ്പോ തോക്ക് തന്നു. ഞാന്‍ വെടി വെക്കും. പക്ഷെ കൊല്ലാറില്ല. മാത്തുക്കുട്ടി വലുതായപ്പോ അവന്‍ വെടി വച്ച് ഒത്തിരി മൃഗങ്ങളെ കൊന്നു. മരമെല്ലാം വെട്ടി റബര്‍ വച്ചു . ഇപ്പൊ ഒരു മൃഗത്തിന്റെം ശബ്ദം ഇല്ല. കേള്‍ക്കാറുണ്ടോ നീ?" . ബേബി മറുപടി പറഞ്ഞു: " ശരിയാ വല്യപ്പച്ചാ. മൃഗങ്ങളെല്ലാം ചത്തു . ഇപ്പൊ മനുഷ്യരെ ഉള്ളൂ."
സിനിമ തുടങ്ങുന്നത് ഹോസ്റ്റല്‍ മുറിയില്‍ ബേബി ഒരു ഇലക്ട്രിക് വയര്‍ കഴുത്തില്‍ ചുറ്റി ആത്മഹത്യക്ക് ഒരുങ്ങുന്നത് പോലെയാണ് . അതയാള്‍ പലപ്പോഴും സിനിമയില്‍ ചെയ്തു നോക്കുന്നുണ്ട് . ആത്മഹത്യയില്‍ ഒരഭയം അയാള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട് . പക്ഷെ അയാള്‍ക്ക് എന്തുകൊണ്ടോ അത് ചെയ്യാന്‍ കഴിയുന്നില്ല. കോളേജ് ഹോസ്റ്റലില്‍ ബേബി മറ്റൊരു വിദ്യാര്‍ഥിയെ ക്രൂരമായി റാഗ്ഗിംഗ് ചെയ്യുന്നത് പിന്നീട് കാണിക്കുന്നു .
കഥാപാത്രങ്ങളെ സൈക്കോളജിക്കല്‍ ആയി വ്യക്തിത്വ/സ്വഭാവ പഠനത്തിനു വിധേയമാക്കുന്നതാണ് കെ.ജി.ജോര്‍ജ്ജ് തന്റെ സിനിമയില്‍ ചെയ്യാറുള്ളത്. ഇതിലും അത് നന്നായി പ്രകടമാകുന്നു . ഈ സിനിമയില്‍ ഓരോ കഥാപാത്രത്തിനും അതിന്റേതായ ഐഡന്റിറ്റിയുണ്ട് .
താന്‍ സ്നേഹിക്കുന്ന, വീട്ടിന്റെ അടുത്തുള്ള പെണ്‍കുട്ടി, വേറൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിയുമ്പോള്‍ ബേബി അയാളെ കൊല്ലുന്നു (പലചരക്ക് കട നടത്തുന്ന വേണു നാഗവള്ളി അവതരിപ്പിക്കുന്ന കഥാപാത്രം). പിന്നീട് അവളെ തന്റെ സുഹൃത്തായ രാഘവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നറിയുമ്പോള്‍ അയാളെയും കൊല്ലാന്‍ ബേബി ശ്രമിക്കുന്നു. സ്നേഹിക്കാന്‍ ആരുമില്ലാത്ത ലോകത്ത് സ്നേഹം ബലമായി പിടിച്ചു വാങ്ങാനാണ് ബേബി ശ്രമിക്കുന്നത് . ഭര്‍ത്താവിനെ സ്ഥിരമായി ചതിച്ചു അന്യപുരുഷന്മാരുടെ കൂടെ കിടക്കാന്‍ പോകുന്ന തന്റെ ചേച്ചിയെയും ഒരിക്കല്‍ ബേബിക്ക് കൊല്ലാന്‍ തോന്നി. ഇവിടെയെല്ലാം കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളിലൂടെ കടന്നു പോകാനാണ് കെ.ജി.ജോര്‍ജ്ജ് ശ്രമിക്കുന്നത്.
മകന്റെ സ്വഭാവത്തില്‍ സങ്കടമുള്ള അമ്മ അവനെ സഹോദരനായ മെത്രാനെ (ഭരത് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം)കാണിക്കാന്‍ പോകുന്നു. മെത്രാന്‍ അവനോടു ചോദിക്കുന്നു . "....നിന്റെ അമ്മയും അപ്പനും നീ മൂലം ദു:ഖിക്കാന്‍ ഇടവരരുത്. നിനക്കവരോടു സ്നേഹമില്ലേ ?" . ബേബിയുടെ മറുപടി, "ഇല്ല" . പിന്നീട് വീണ്ടും ," നിന്റെ വീട്ടില്‍ ഒന്നിനും ഒരു കുറവുമില്ല. " . ബേബിയുടെ മറുപടി ," എല്ലാം കൂടുതലാ ." ബേബി അനുഭവിക്കുന്ന മാനസികാവസ്ഥ അവിടെ ആ മെത്രാന്‍ കൃത്യമായി മനസ്സിലാക്കുന്നുണ്ട് .
സിനിമയിലുടനീളം കല്ലുകൊണ്ടൊരു മനസ്സായാണ് തിലകന്‍ അവതരിപ്പിക്കുന്ന മാത്തുക്കുട്ടി ജീവിക്കുന്നത് . സുകുമാരന്‍ അവതരിപ്പിക്കുന്ന സണ്ണി എന്ന മകന്റെ കഥാപാത്രം അപ്പനോട് എതിര്‍ക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ട് . തന്റെ മക്കള്‍ താന്‍ പറയുന്നതിനപ്പുറം പോകരുതെന്നൊരു നിര്‍ബന്ധം മാത്തുക്കുട്ടിക്കുണ്ട് . പിന്നീടു സണ്ണി മദ്യത്തില്‍ അഭയം തേടുന്നു .സിനിമയുടെ അവസാനം അപ്പന്റെ തോക്ക് മോഷ്ടിച്ച ബേബി വീടിന്റെ മുമ്പിലുള്ള വേറൊരു മുറിയില്‍ ഒളിച്ചിരിക്കുന്നു . അവനെ അന്വേഷിക്കുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് ഒരു രാത്രി അവന്‍ കയറി ചെല്ലുന്നു . ഭ്രാന്തമായ അവസ്ഥയില്‍ അപ്പന് നേരെ തോക്ക് ചൂണ്ടി 'കൊല്ലും ഞാന്‍ ' എന്ന് പറയുന്നു . ചേട്ടന്‍ അവനെ തടയാന്‍ നോക്കുമ്പോള്‍ മാത്തുക്കുട്ടി റൂമിലേക്ക് പോയി വലിയ തോക്ക് എടുത്തുകൊണ്ടു വന്നു ബേബിയെ വെടിവച്ചു വീഴ്ത്തുന്നതാണ് സിനിമയുടെ അന്ത്യം .
'ഇരകള്‍ ' പോലൊരു സിനിമ എടുക്കുന്നതിനു അന്നത്തെ കാലത്ത് സുകുമാരന്‍ പിന്തുണ കൊടുത്തത് കെ.ജി.ജോര്‍ജ്ജ് എപ്പോഴും നന്ദിയോടെ സ്മരിക്കാറുണ്ട് . പ്രിഥ്വിരാജ് ഒരിക്കല്‍ ആ സിനിമ എടുത്തത് തന്റെ അച്ഛന് ഒരുപാട് നഷ്ടമുണ്ടാക്കി എന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി കെ.ജി.ജോര്‍ജ്ജു ദേശാഭിമാനിയില്‍ ഒരു ലേഖനം എഴുതിയിരുന്നു . http://www.deshabhimani.com/deshabhimaniweeklyinner.php?id=426 . അടിയന്തിരാവസ്ഥ കാലത്തെ സംഭവങ്ങളും സഞ്ജയ് ഗാന്ധിയുടെ ചെയ്തികളും ഈ സിനിമയിലെ കഥാപാത്രങ്ങളെ രൂപികരിക്കുന്നതില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കെ.ജി.ജോര്‍ജ്ജ് ഈ ലേഖനത്തില്‍ പറയുന്നുണ്ട് .
സിനിമയുടെ രീതി വച്ച് നോക്കിയാല്‍ ഈ സിനിമ ഒരു പക്ഷെ 'സൈക്കോളജിക്കല്‍ ത്രില്ലര്‍ ' എന്ന വിഭാഗത്തിലായിരിക്കും പെടുക. എന്നാല്‍ അതിലേക്കു മാത്രം ഈ സിനിമയെ ഒതുക്കി നിര്‍ത്തുന്നത് വലിയ നീതികേടായിരിക്കും. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഇരകളാണ് . സിനിമയോട് 'ഇരകള്‍ ' എന്ന പേര് നൂറു ശതമാനം കൂറ് പുലര്‍ത്തുന്നു . തിലകന്‍ , ഗണേഷ്കുമാര്‍ , സുകുമാരന്‍ , അശോകന്‍ അങ്ങനെ എല്ലാവരും ഈ സിനിമയില്‍ നല്ല അഭിനയമികവ് കാണിച്ചിട്ടുണ്ട് . ഇരകള്‍ ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡ് നേടി. തിലകെന്‍റ മാത്തുക്കുട്ടി മുതലാളിയുടെ വേഷത്തിന് ദേശീയ അവാര്‍ഡ് നഷ്ടപ്പെട്ടത് ദൗര്‍ഭാഗ്യംകൊണ്ടു മാത്രമായിരുന്നു. 'ഇരകള്‍ ' സമൂഹത്തിനോടുള്ള ഒരു വലിയ ചോദ്യമാണ് . ഇരയുടെയും വേട്ടക്കാരന്റെയും വേഷം ഒരേ സമയം കെട്ടി ആടി നിസ്സഹായതയുടെ പാരമ്യത്തില്‍ സ്വയം ഇല്ലാതാവുന്നതിനെതിരെയുള്ള ചോദ്യം .


No comments:
Post a Comment