അത്ര ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു ക്ലാസിക്ക് ഉണ്ട് മലയാള സിനിമയില്‍ . ടി.കെ.രാജീവ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'ചാണക്യന്‍' . എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ക്ലാസ്സിക്ക് ആയ അമ്പത് സിനിമകള്‍ എടുത്താല്‍ , അതില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയതാണ് ഈ സിനിമ . രാജീവ് കുമാറിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സംഭാവനയും ഇത് തന്നെ .
നായകനായി കമലഹാസനും , വില്ലനായി തിലകനും അപാര അഭിനയമാണ് കാഴ്ചവെച്ചത് . അവരുടെയൊക്കെ കഴിവുകള്‍ ശരിക്കും തിരിച്ചറിയുന്ന പടം. സാധാരണ ഉള്ള പ്രതികാര സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന് . സ്വയം മരിച്ചു പ്രതികാരം ചെയ്യുന്നത് ഒക്കെ അന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ആരും ആലോചിച്ചിട്ടുണ്ടാവില്ല.
സിനിമയുടെ അവസാനം , കമലഹാസന്‍ പ്രതികാരം ചെയ്യാന്‍ വേണ്ടി തിലകനെ ഒരു സ്ഥലത്തേക്ക് വിളിക്കുന്ന രംഗമുണ്ട് . തിലകന്‍ വരുമ്പോള്‍ കാണുന്നത് , ഒരു മൂളി പാട്ട് പാടിക്കൊണ്ടിരിക്കുന്ന കമലഹാസനെ ആണ് . അത് അദ്ദേഹത്തിന്റെ തന്നെ ഐഡിയ ആണെന്ന് ഒരിക്കല്‍ രാജിവ് കുമാര്‍ പറഞ്ഞിട്ടുണ്ട് . തിലകന്‍ പ്രവേശിക്കുമ്പോള്‍ താന്‍ കല്യാണി രാഗത്തില്‍ വെറുതെ മൂളി കൊണ്ട് ഇരിക്കട്ടെ എന്ന് കമലഹാസന്‍ ചോദിച്ചു.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത അതില്‍ ഉള്‍ക്കൊളിച്ചിരിക്കുന്ന ടെക്ക്നോളജിയുടെ സാധ്യത ആണ് . ദൂരദര്‍ശനെ പറ്റിച്ചു , വായുവിലൂടെ ഉള്ള വിക്ഷേപണത്തെ ഹൈജാക്ക് ചെയ്തു , മിമിക്രി കയറ്റുന്നതൊക്കെ , ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് . ടി.വി പോലും വീടുകളില്‍ ഇല്ലാതിരുന്ന കാലമാണ് അതെന്നു ഓര്‍ക്കണം . ആ സമയത്ത് അങ്ങനെ ചിന്തിക്കാന്‍ ഉള്ള ബുദ്ധിയെ എത്ര പ്രശംസിച്ചാലും മതി വരില്ല .
ഇതിന്റെയൊക്കെ തലച്ചോറ് ജോണ് എടതട്ടില്‍ എന്ന മലയാളിയായ തമിഴനാണ് . ഇദ്ദേഹത്തെയും അധികമാരും അറിയില്ല . അറിയപ്പെടാത്ത ഒരു പുലിയാണ് ഇദ്ദേഹം . പല മലയാളം , തമിഴ് സിനിമകള്‍ക്കും തിരക്കഥ ഇദ്ദേഹം എഴുതിയിട്ടുണ്ട് . അതെല്ലാം നല്ല സിനിമകള്‍ ആയിരുന്നു താനും . സൂര്യമാനസം, വ്യൂഹം , ഹൈവേ , മയില്‍പ്പീലിക്കാവ് , സില്ലുനു ഒരു കാതല്‍ , ഗാന്ധാരി എന്നിവ ഉദാഹരണങ്ങള്‍ .



No comments:
Post a Comment