Tuesday, April 15, 2014

ഡസ്റ്റിന്‍ ഹോഫ്മാന്‍ നായകനായി റോബര്‍ട്ട്‌ ബെന്ടന്‍ സംവിധാനം ചെയ്തു 1979-ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'Kramer vs. Kramer'. ആവേറി കൊര്‍മാന്‍ എഴുതിയ അതേപേരിലുള്ള കഥയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. AFI-യുടെ മികച്ച പത്തു കോര്‍ട്ട് റൂം ഡ്രാമ സിനിമകളില്‍ മൂന്നാം സ്ഥാനം ഇതിനുണ്ട്. (ഞാന്‍ ഈ സിനിമ കാണാന്‍ തീരുമാനിച്ചതും അത് കൊണ്ടാണ്. ) എന്നാല്‍ ഇതിനെ കോര്‍ട്ട് റൂം ഡ്രാമ ആയല്ല ഫാമിലി ഡ്രാമ എന്ന് വിളിക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നുന്നു. AFI-യുടെ രീതിയനുസരിച്ച് "a genre of film in which a system of justice plays a critical role in the film's narrative" ആയാല്‍ അത് കോര്‍ട്ട് റൂം ഡ്രാമയില്‍ പെടും.

തന്റെ ജോലിയില്‍ കൂടുതല്‍ ആത്മാര്‍ഥതയുള്ള ക്രാമര്‍ ഭാര്യയുടെയും അഞ്ചു വയസ്സായ മകന്റെയും കാര്യങ്ങളില്‍ വേണ്ട വിധം ശ്രദ്ധ കൊടുക്കുന്നില്ല. ഒറ്റപ്പെട്ട തോന്നല്‍ ഉണ്ടാവുകയും തന്റെ സ്വാതന്ത്രത്തിനു പരിധികള്‍ ഉണ്ടെന്നു അറിയുകയും ചെയ്യുന്ന ഭാര്യ ഒരു സുപ്രഭാതത്തില്‍ അയാളെ പിരിയാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് ക്രാമറിന് തന്റെ ജോലിയുടെ കൂടെ മകന്റെ കാര്യങ്ങളും നോക്കേണ്ടി വരുന്നു. അതയാളെ സംബന്ധിച്ച് ബുദ്ധിമുട്ടായി മാറുന്നു എങ്കിലും പതുക്കെ പതുക്കെ അയാള്‍ ആ ജീവിതത്തോടു ഇഴുകി ചേരുന്നു .

പക്ഷെ അയാളുടെ ജോലിയില്‍ ഉള്ള ശ്രദ്ധ കുറയുകയും ആ ജോലി അയാള്‍ക്ക്‌ നഷ്ടപ്പെടുകയും ചെയ്യുന്നു. എങ്കിലും മകന്റെ കൂടെയുള്ള ജീവിതത്തില്‍ അയാള്‍ സന്തോഷവാനാണ്. അപ്പോള്‍ ഒന്നര വര്‍ഷത്തിനു ശേഷം പൂര്‍വ്വഭാര്യ തിരിച്ചു വരുകയും മകനെ അവര്‍ക്ക് വേണമെന്ന് പറയുകയും ചെയ്യുന്നു. അത് സമ്മതിക്കാനാവാത്ത അയാള്‍, ഭാര്യയുമായി നിയമപരമായി കേസിന് പോകുന്നു. രൂക്ഷമായ വാദങ്ങള്‍ക്കൊടുവില്‍ ഉള്ള വിധിയും അതിനെതുടര്‍ന്നുള്ള നടപടിയുമാണ് സിനിമയുടെ അന്ത്യം.




ഈ സിനിമ അന്നത്തെ അക്കാദമി അവാര്‍ഡുകള്‍ ഒരു പാട് വാരിക്കൂട്ടി. സത്യം പറഞ്ഞാല്‍ ഇത് അത്ര മഹത്തായ സിനിമയാണ് എന്ന് കണ്ടപ്പോള്‍ എനിക്ക് തോന്നിയില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യമായ വാദങ്ങളും തുല്യമായ പ്രാധാന്യവും സിനിമയില്‍ കൊടുത്തു എന്നത് ഒരു സവിശേഷതയാണ്. ഒരാളെ ഉയര്‍ത്തി കാണിക്കുവാന്‍ ശ്രമിച്ചിട്ടില്ല. അന്നത്തെ കാലത്ത് അമേരിക്കയില്‍ പാരെന്റിങ്ങിനെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഒരു ട്രാന്‍സിഷന്‍ നടക്കുന്ന സമയത്ത് അത് പ്രതിഫലിപ്പിച്ച സിനിമയാണ് ഇതെന്ന് പൊതുവേ കരുതപ്പെടുന്നു.

No comments:

Post a Comment