Saturday, April 6, 2013

അലയുന്ന ചിന്തകള്‍ ...


ശുഭനർത്തനങ്ങളില്ല രാഗമേളങ്ങളില്ല
സംഗീതമാധുര്യവും ലയതാളങ്ങളുമില്ല 
ഈ  ഭൂമി വെറുമൊരു പാഴ് അരങ്ങ്. 

ജപസാധനകളും വേദമന്ത്രങ്ങളുമില്ലാത്ത 
വെറുമൊരു യാഗവേദി. 

യുദ്ധകോലാഹലങ്ങളും, 
ഉയരുന്ന പുകച്ചുരുളുകളും, 
വിതുമ്പുന്ന മനസ്സുകളും, 
പൊയ്മുഖങ്ങളും  മാത്രം. 

ഇവരെന്റെ ചുറ്റിലും നടനമാടുന്നു. 
ഇവരെന്റെ ലോലമാം 
ഹൃദയം തകർക്കുന്നു. 

ഇതിനിടയിൽ  വെറുതെ 
അലഭ്യക്കിനാക്കൾതൻ 
അസുലഭ നിമിഷങ്ങളിൽ 
പുളകം പൂണ്ടു നില്ക്കുന്ന 
വെറുമൊരു മനുഷ്യജന്മം ഞാൻ. 

തിരയുന്നു വീണ്ടും 
പൊരുതുന്നു വീണ്ടും 
എന്തിനോ?
ആറടി മണ്ണിന്റെ 
അവസാന ഫലത്തിനോ?

ഉയരുന്ന  മോഹച്ചക്രത്തിൽ-
പ്പെട്ടുഴലുന്നൊരാത്മാവു മാത്രമായ് 
സുന്ദരസ്വപ്നങ്ങൾതൻ 
വെളിവില്ലാത്തൊരടിമ  മാത്രമായ് 
വൃഥാ  പോക്കുന്നൊരവസ്ഥ മാത്രമോ ജീവിതം?

എരിയുന്ന തീക്കനൽ 
വിതുമ്പുന്ന മേഘങ്ങ-
ളവരെന്റെ മാനസതോഴിമാരാകവേ,
ഇല്ല, മറയുന്നില്ല 
കളങ്കിത  ലോകത്തിൻ 
ഭീകരസ്വപ്നങ്ങൾ തൻ 
കാളമാം രാത്രികൾ. 

തെളിയാത്ത  അർത്ഥങ്ങളായ്
അമരമാം ഓർമ്മകൾ 
നീളുന്നു നീളുന്നു 
എവിടെയുമെത്താതെ. 

                                                  

                                        -  ഗാർളിൻ  വിൻസെൻറ് 








No comments:

Post a Comment